Skip to main content
ന്യൂഡല്‍ഹി

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുള്ള ശശി തരൂരിന്റെ ലേഖനം ദൗര്‍ഭാഗ്യകരമായി പോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ശശി തരൂര്‍ ഓന്തിനെപ്പോലെയാണെന്നും ഭരണത്തില്‍ എത്തിയ ഉടനെ മോദിയെ പ്രശംസിച്ച് പ്രസ്താവന നടത്തിയത് തരൂരിന് ഓന്തിന്റെ സ്വഭാവമായത് കൊണ്ടാണെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ലേഖനം വെളിവാക്കുന്നത് തരൂരിന്റെ പക്വതയില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിലൂന്നിയുള്ള മോദിയുടെ പ്രവര്‍ത്തനങ്ങള്‍ ആശാവഹമാണെന്നും പ്രതിപക്ഷത്തിനത് കണ്ടില്ലെന്നു നടിക്കാനാകില്ലെന്നുമാണ് ഹഫിങ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തില്‍ ശശി തരൂര്‍ പറഞ്ഞത്.

 

മുന്‍കാലങ്ങളില്‍ പലരും ഭയപ്പെട്ടിരുന്നതുപോലെയുള്ള രീതിയില്‍നിന്ന് വ്യത്യസ്തനായാണ് മോദി ഇപ്പോള്‍ പെരുമാറുന്നതെന്നും സര്‍ക്കാറിനെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകണം എന്നുള്ളതുകൊണ്ടാവും ശൈലി മാറ്റിയതെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു. സര്‍ക്കാറിനെ വിജയകരമായി മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ബി.ജെ.പിക്കുള്ളില്‍ തന്റെ അടിത്തറ പടുത്തുയര്‍ത്തിയ തീവ്രവലതുപക്ഷ നിലപാടില്‍നിന്നല്ല മറിച്ച് മധ്യത്തില്‍ നിന്നായിരിക്കണം രാജ്യത്തെ നയിക്കേണ്ടതെന്ന് മോദി മനസ്സിലാക്കിയിരിക്കുന്നു എന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

 

എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ്‌ രംഗതെത്തിയിരുന്നു. മോദിയുടെ പ്രകടനങ്ങളെ വിലയിരുത്താറായിട്ടില്ലെന്നും ശശി തരൂരിന്റെത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കോണ്‍ഗ്രസ് വക്താവ് ശോഭ ഓജ പറഞ്ഞു. സംഭവം വിവാദമായതോടെ താന്‍ മോദി ആരാധകനല്ലെന്ന പ്രസ്താവയുമായി ശശി തരൂര്‍ രംഗത്തെത്തി.