പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ വച്ച് നടന്ന 50 മിനിറ്റ് നീണ്ടുനിന്ന ചര്‍ച്ചയില്‍ ഇന്ത്യ ഭീകരവാദം അടക്കം അഞ്ച് പ്രധാന വിഷയങ്ങളാണ് മുന്നോട്ട് വച്ചത്. മുംബൈ ഭീകര അക്രമണത്തിലെ മുഴുവന്‍ പ്രതികളെയും വിചാരണ ചെയ്യണമെന്നും അതിര്‍ത്തി കടന്നുളള തീവ്രവാദത്തെ തടയണമെന്നും ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഇരു രാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു.
സൈന്യമടക്കം പാക്കിസ്ഥാനിലെ ചില കോണുകളില്‍ നിന്നുള്ള എതിര്‍പ്പ് അവഗണിച്ചാണ് നവാസ് ഷെരീഫ് ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. സമാധാന സന്ദേശവുമായാണ് ഇന്ത്യന്‍ യാത്രയെന്നാണ് ഇന്ത്യയിലേക്ക് തിരിക്കും മുമ്പ് നവാസ് ഷെരീഫ് പറഞ്ഞത്. ഷെരീഫ് പിന്നീട് വിശ്രമജീവിതം നയിക്കുന്ന മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പെയിയെയും സന്ദര്‍ശിച്ചു.
ഇന്ന് രാവിലെയാണ് സാര്‍ക്ക് രാഷ്ട്രത്തലവന്മാരുമായുള്ള മോദിയുടെ കൂടിക്കാഴ്ച ആരംഭിച്ചത്. ഷെരീഫിന് മുന്‍പെ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായും ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയുമായും മോദി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ മൗറിഷ്യസ് പ്രധാനമന്ത്രി നീവന്‍ രാംഗുലമായും മോദി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു