Skip to main content
ന്യൂഡല്‍ഹി

narendra modi

 

നരേന്ദ്ര മോഡിയെ ബി.ജ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. പാര്‍ലമെന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയാണ് മോഡിയുടെ പേര് നിര്‍ദ്ദേശിച്ചത്. മുതിര്‍ന്ന നേതാക്കളായ സുഷമാ സ്വരാജ്, മുരളി മനോഹര്‍ ജോഷി, നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു എന്നിവര്‍ പിന്തുണച്ചു.

 

ആദ്യമായാണ് നരേന്ദ്ര മോഡി പാര്‍ലമെന്റില്‍ എത്തുന്നത്. പാര്‍ലമെന്റിന്റെ ആദ്യപടിയില്‍ തൊട്ടു വന്ദിച്ചാണ് അദ്ദേഹം അകത്തു കടന്നത്. അഭിനന്ദിക്കാനെത്തിയ അദ്വാനിയുടെ കാലിലും മോഡി തൊട്ടു വന്ദിച്ചു. തന്റേത് സാധാരണക്കാരന്റെ സര്‍ക്കാര്‍ ആയിരിക്കുമെന്നും ഇത് പ്രതീക്ഷയിലേക്കുള്ള ജനവിധിയാണെന്നും ഒരു നിമിഷം പോലും പാഴാക്കാതെ രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും മോഡി പറഞ്ഞു.

 

ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി.ജെ.പിയുടെ 282 എം.പിമാരും പങ്കെടുത്തു. ഇന്നു വൈകിട്ട് ഗുജറാത്തിലേക്ക് മടങ്ങുന്ന മോഡി തന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. പുതിയ നേതാവിനെ തെരഞ്ഞെടുത്ത ശേഷമാകും അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മോഡി ഇന്ന് വൈകിട്ട് രാഷട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് മന്ത്രിസഭ രൂപവത്കരിക്കാനുള്ള അനുമതി തേടുമെന്നാണ് സൂചന.

 

എന്‍.ഡി.എ അധ്യക്ഷ സ്ഥാനവും കൂടി ഏറ്റെടുത്താണ് 63-കാരനായ നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. 543 അംഗ സഭയില്‍ ബി.ജെ.പിക്ക് 282 ഉം എന്‍.ഡി.എയ്ക്ക് 336 സീറ്റുകളുമുണ്ട്. രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിന് ലോക് സഭാ തെരഞ്ഞെടുപ്പില്‍ വെറും 44 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്.