Skip to main content
ന്യൂഡല്‍ഹി

 

പുതിയ ബി.ജെ.പി സര്‍ക്കാറിന്‍റെ സത്യ പ്രതിജ്ഞ 26-ന് നടക്കും. ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി 26-ന് വൈകിട്ട് ആറു മണിക്ക് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ രാഷ്ട്രപതി പ്രണബ് മുഖർജിയെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച ശേഷം മോഡി തന്നെയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. മന്ത്രിസഭ രൂപീകരിക്കാൻ രാഷ്ട്രപതി അനുമതി നൽകിതായും തന്നെ പിന്തുണയ്ക്കുന്ന 335 എം.പിമാരുടെ പട്ടിക കൈമാറിയതായും മോഡി അറിയിച്ചു.

 

തിരഞ്ഞെടുപ്പിൽ വന്‍ വിജയം നേടിയ മോഡിയെ രാഷ്ട്രപതി അഭിനന്ദിച്ചു. ഇന്ത്യയിൽ സുസ്ഥിരഭരണം കാഴ്ച വെയ്ക്കാനാവട്ടെയെന്നും പ്രണബ് മുഖർജി ആശംസിച്ചു. രാഷ്ട്രപതി ഭവനിലെ അശോകാ ഹാളിലാണ് സാധാരണ സത്യപ്രതിജ്ഞ നടക്കാറുള്ളതെങ്കിലും മോഡി അധികാരമേൽക്കുന്നത് രാഷ്ട്രപതി ഭവൻ അങ്കണത്തിലുള്ള വേദിയിലായിരിക്കും. വിശിഷ്ട വ്യക്തികളടക്കം മൂവായിരത്തോളം പേരെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കുന്നുണ്ട്.