ഹൈദരാബാദ്
തെലുങ്കാന രാഷ്ട്ര സമിതി (ടി.ആര്‍എസ്) അധ്യക്ഷന്‍ കെ. ചന്ദ്രശേഖര്‍ റാവുവിനെ ടി.ആര്‍.എസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ജൂണ്‍ രണ്ടിന് ഇന്ത്യയിലെ 29-ാമത് സംസ്ഥാനമായി നിലവില്‍ വരുന്ന തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയാകും റാവു.
പാര്‍ട്ടി ആസ്ഥാനമായ തെലുങ്കാന ഭവനില്‍ ശനിയാഴ്ച ചേര്‍ന്ന എം.എല്‍.എമാരുടേയും എം.പിമാരുടേയും യോഗമാണ് റാവുവിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്. തെലുങ്കാന മേഖലയില്‍ നിന്നുള്ള 119 മണ്ഡലങ്ങളില്‍ 63 എണ്ണത്തില്‍ വിജയിച്ച ടി.ആര്‍.എസ് കേവലഭൂരിപക്ഷം കരസ്ഥമാക്കിയിട്ടുണ്ട്. 11 എം.പി സ്ഥാനവും പാര്‍ട്ടിയ്ക്ക് ലഭിച്ചിട്ടുണ്ട്.
ടി.ആര്‍.എസ് നേതാക്കള്‍ ഞായറാഴ്ച ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനെ കണ്ട് തീരുമാനം അറിയിക്കും. പ്രസിഡന്റ് ഭരണം അവസാനിച്ച് നിയമസഭ നിലവില്‍ വന്ന ശേഷമായിരിക്കും റാവുവിന്റെ സത്യപ്രതിജ്ഞ.
