ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം തിടുക്കത്തില്‍ രാജിവച്ചത് തെറ്റായിപ്പോയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. പാര്‍ട്ടിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാകാന്‍ തീരുമാനം ഇടവരുത്തിയെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയോടെ മാത്രമേ ചെയ്യുകയുള്ളുവെന്നും എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
രാജിവെക്കേണ്ടിവന്നതില്‍ ഖേദമില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ തിടുക്കം വേണ്ടിയിരുന്നില്ല. ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാതെവന്ന ദിവസം തന്നെ രാജിവച്ച നടപടി തെറ്റായിപ്പോയി എന്നും എതാനും ദിവസങ്ങള്‍കൂടി മുഖ്യമന്ത്രിസ്ഥാനത്ത് തുടരണമായിരുന്നു എന്നും യോഗങ്ങൾ വിളിച്ചുകൂട്ടി രാജിവെക്കേണ്ടിവരുന്ന സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമായിരുന്നു എന്നും കെജ്രിവാള്‍ പറഞ്ഞു.
ഈ അവസരം മുതലെടുത്ത് ബി.ജെ.പിയും കോൺഗ്രസും ആം ആദ്മി പാർട്ടിക്കെതിരെ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന രീതിയിൽ പ്രചരണം നടത്തിയെന്നും ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോടിയെന്ന വികാരം സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്കുപോലും ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു