നിതീഷ് കടാര കൊലക്കേസിൽ പ്രമുഖ രാഷ്ട്രീയ നേതാവ് ഡി.പി.യാദവിന്റെ മകൻ വികാസ് യാദവിനും അനന്തരവൻ വിശാൽ യാദവിനും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. നിതീഷ് കടാരയുടെ കൊല ദുരഭിമാന കൊലയാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് കീഴ്ക്കോടതി വിധി ഡൽഹി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ജസ്റ്റീസുമാരായ ഗീതാ മിത്തൽ, ജെ.ആർ.മിഥ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.
ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ വച്ച് 2002 ഫിബ്രവരി 16-ന് ഒരു വിവാഹസംഘത്തില്‍ നിന്ന് കടാരയെ വികാസും വിശാലും ചേർന്ന് തട്ടിക്കൊണ്ടുപോയ ശേഷം ഡീസലൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. വികാസിന്റെ സഹോദരി സഹോദരി ഭാരതി യാദവുമായി കടാരക്കുണ്ടായിരുന്ന അടുപ്പമാണ് കൊലയ്ക്ക് കാരണമായത്. 2008 മേയിൽ വിചാരണക്കോടതി പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.
കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് നിതീഷിന്റെ അമ്മ നീലം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിന്മേൽ ഏപ്രിൽ 25-ന് കോടതി വിധി പറയും. കേസിലെ മറ്റൊരു പ്രതി സുഖ്ദേവ് പെഹൽവാൻ സംഭവശേഷം ഒളിവിൽ പോയെങ്കിലും 2005-ൽ അറസ്റ്റിലായി. അയാൾക്കും കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.
