ഇന്ത്യന്‍ നയതന്ത്രജ്ഞയായ ദേവയാനി ഖോബ്രഗഡേക്കെതിരെയുള്ള കേസ് യു.എസ് കോടതി തള്ളി. ദേവയാനിക്ക് നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ അവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് യു.എസ് കോടതി അറിയിച്ചു.
കേസ് പരിഗണിക്കുന്ന മാന്‍ഹട്ടനിലെ ഡിസ്ട്രിക് കോടതിയാണ് ദേവയാനിയെ കുറ്റ വിമുക്തയാക്കിയത്. വീട്ടു ജോലിക്കാരിയായ സംഗീത റിച്ചാര്‍ഡിന്റെ വിസ അപേക്ഷയില്‍ ക്രമക്കേട് കാണിച്ചുവെന്നും അവര്‍ക്ക് പറഞ്ഞിരുന്ന നല്‍കിയില്ല എന്നിവയായിരുന്നു ദേവയാനിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍.
അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് ദേവയാനിക്ക് നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നു എന്ന് കാണിച്ചാണ് അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. ഇക്കാര്യം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ദേവയാനി മുന്‍ നയതന്ത്രജ്ഞയാണെന്നും നിലവില്‍ നയതന്ത്രപരിരക്ഷയില്ലെന്നുമായിരുന്നു യു.എസ് അറ്റോര്‍ണിയുടെ നിലപാട്.
അറസ്റ്റിന് ശേഷം ജാമ്യത്തില്‍ ഇറങ്ങിയ ദേവയാനിക്ക് കൂടുതല്‍ നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ ദൗത്യ സംഘത്തിലേക്ക് മാറ്റിയിരുന്നു. ഇതോടെ കേസുമായി മുന്നോട്ട് പോകാന്‍ യു.എസിന് കഴിയാതെ വന്നു. പിന്നീട് ദേവയാനിയോട് രാജ്യം വിടാന്‍ യു.എസ് ആവശ്യപ്പെടുകയായിരുന്നു. ദേവയാനിയുടെ അറസ്റ്റ് ഇന്ത്യ-യു.എസ് ബന്ധത്തെ ഉലച്ചിരുന്നു.
