മുംബൈതീരത്ത് വച്ച് ഇന്ത്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ് സിന്ധുരത്നയില്‍ തീപിടുത്തമുണ്ടായത് ബാറ്ററിയിലെ ചോര്‍ച്ചമൂലമല്ലെന്നും കപ്പലിലെ കേബിള്‍ തകരാര്‍മൂലമാണെന്നും കണ്ടെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച അന്വേഷണക്കമ്മീഷനാണ് ഇക്കാര്യം കണ്ടെത്തിയത്.
ഫെബ്രുവരി 26-നാണ് മുംബൈതീരത്തു നിന്ന് 50 മൈല്‍ അകലെ സിന്ധുരത്‌നയില്‍ തീപ്പിടിത്തമുണ്ടായത്. രണ്ട് നാവികഉദ്യോഗസ്ഥര്‍ മരിച്ചു. ഏഴ് നാവികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന്‍ ഇന്ത്യൻ യുദ്ധക്കപ്പലുകൾ തുടര്‍ച്ചയായി നേരിടുന്ന അപകടങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നാവിക സേനാ മേധാവി അഡ്‌മിറൽ ഡി.കെ ജോഷി രാജിവച്ചിരുന്നു.
കഴിഞ്ഞ ഏഴു മാസത്തിനുളളിൽ നടക്കുന്ന പത്താമത്തെ അപകടമാണ് ഇന്നലെ ഐ.എന്‍.എസ് സിന്ധുരത്നയിലേത്. കഴിഞ്ഞ ആഗസ്തില്‍ മറ്റൊരു മുങ്ങിക്കപ്പലായ ഐ.എന്‍.എസ് സിന്ധുരക്ഷകില്‍ ഉണ്ടായ തീപിടുത്തത്തില്‍ 18 സൈനികര്‍ മരിച്ചിരുന്നു. തുടര്‍ന്ന് മൂന്നു മുങ്ങിക്കപ്പലുകളിൽ അടക്കം 10 യുദ്ധപ്പലുകളിൽ അപകടങ്ങള്‍ ഉണ്ടായി. നാവികസേനയില്‍ അപകടം തുടര്‍ക്കഥയായ സാഹചര്യത്തിലാണ് അപകടങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി സംഘത്തെ നിയോഗിച്ചത്.