Skip to main content
ശ്രീനഗര്‍

ജമ്മു കശ്മീരില്‍ സൈനിക ക്യാമ്പില്‍ ജവാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ്‌ ഓഫീസര്‍ അടക്കം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ശ്രീനഗറില്‍ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് ശേഷം ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു.

 

ശ്രീനഗറില്‍ നിന്ന്‍ വടക്ക് ഗന്ദെര്‍ബാല്‍ ജില്ലയിലെ രാഷ്ട്രീയ റൈഫിള്‍സിന്റെ സഫപോറ ക്യാമ്പില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആറുപേരും സംഭവസ്ഥലത്ത് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

ജമ്മു കശ്മീരില്‍ കടുത്ത സമ്മര്‍ദ്ദത്തില്‍ സൈനികര്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന സംഭവങ്ങള്‍ ഇടക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. പ്രതികൂല സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നതും ദീര്‍ഘനാള്‍ കുടുംബത്തെ പിരിഞ്ഞിരിക്കുന്നതും പിരിമുറുക്കം ലഘൂകരിക്കാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളുടെ അഭാവവും മേലുദ്യോഗസ്ഥരുടെ ദുര്‍ബലമായ നിയന്ത്രണവുമെല്ലാം ഇതിന്റെ കാരണങ്ങളായി മന:ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.