Skip to main content
ന്യൂഡല്‍ഹി

manmohan singh and shinzo abeജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ഊര്‍ജം, ടെലികോം അടക്കമുള്ള മേഖലകളില്‍ സഹകരണ കരാറുകള്‍ ഒപ്പ് വെച്ചു. ഇത്തവണത്തെ റിപ്പബ്ലിക് ദിനാചരണ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു അബെ.

 

ശനിയാഴ്ച ഇന്ത്യയിലെത്തിയ അബെയുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. നേരത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

 

രണ്ട് രാജ്യങ്ങളിലേയും ദേശീയ സുരക്ഷാ സമിതികള്‍ തമ്മില്‍ ചര്‍ച്ചകള്‍ സ്ഥിരമായി നടത്താന്‍ ധാരണയായി. അറബിക്കടലില്‍ ഈ വര്‍ഷം ഇന്ത്യയും യു.എസും നടത്തുന്ന നാവികാഭ്യാസത്തില്‍ പങ്ക് ചേരാനുള്ള ഔദ്യോഗിക ക്ഷണവും ഇന്ത്യ ജാപ്പനീസ് നാവികസേനയ്ക്ക് നല്‍കി.

 

അത്യാധുനിക സാങ്കേതികവിദ്യകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അറിയിച്ചു. ജപ്പാനില്‍ നിന്ന് യു.എസ്-2 എന്ന ആംഫിബിയസ് വിമാനം വാങ്ങുന്നതിനും ഇത് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുമുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തതായി സിങ്ങ് പറഞ്ഞു. കരയിലും കടലിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്നവയാണ് ആംഫിബിയസ് വിമാനങ്ങള്‍.

 

ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവോര്‍ജ സഹകരണ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള ചര്‍ച്ചകളും പുരോഗമിച്ചതായി മന്‍മോഹന്‍ സിങ്ങ് അറിയിച്ചു. ഇന്ത്യയിലേക്ക് ആണവ സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്നതിന് ജപ്പാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത ഇന്ത്യയുമായി ഈ വിഷയത്തില്‍ സഹകരിക്കുന്നതിന് ജപ്പാന്‍ സര്‍ക്കാര്‍ പ്രാദേശികമായ എതിര്‍പ്പ് നേരിടുന്നുണ്ട്.

 

ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട കരാറുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ടെലികോം ടവറുകളുടെ ഊര്‍ജ ക്ഷമത വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് ജപ്പാന്‍ വായ്പ നല്‍കും. ന്യൂഡല്‍ഹി-മുംബൈ വ്യാവസായിക ഇടനാഴി പദ്ധതിയ്ക്കും അതിവേഗ റെയില്‍ പദ്ധതിയ്ക്കും ജപ്പാന്‍ വായ്പ നല്‍കും.

 

കഴിഞ്ഞ വര്‍ഷം പ്രളയം ബാധിച്ച ഉത്തരഖണ്ടില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 11.3 കോടി ഡോളറും ഡെല്‍ഹി മെട്രോയ്ക്ക് 200 കോടി ഡോളറും വായ്പയായി നല്‍കും. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു കരാറിലും ഇരുരാജ്യങ്ങളും ഒപ്പ് വെച്ചു.