വംശീയമായി അധിക്ഷേപിച്ചു എന്ന ആഫ്രിക്കന്‍ സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഡൽഹി നിയമ മന്ത്രി സോംനാഥ് ഭാരതിക്കെതിരെ കേസെടുക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടു. ഉഗാണ്ട സ്വദേശിനിയായ യുവതി നൽകിയ പരാതിയിന്മേലാണ് കോടതി കേസെടുക്കാൻ പൊലീസിനോട് നിർദ്ദേശിച്ചത്.
ഡൽഹിയിൽ ഉഗാണ്ടക്കാര്‍ താമസിക്കുന്ന കിർക്കി പ്രദേശത്ത് അനാശാസ്യം നടക്കുന്നുവെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് റെയ്ഡ് നടത്താന്‍ കഴിഞ്ഞ ദിവസം സോംനാഥ് ഭാരതി ഉത്തരവിട്ടിരുന്നു. എന്നാൽ പൊലീസ് ഇതിനു തയ്യാറായില്ല. വ്യാഴാഴ്ച പുലർച്ചെയോടെ സോംനാഥ് ഭാരതിയും ഒരു സംഘം ആളുകളും ചേർന്ന് ആഫ്രിക്കൻ യുവതികൾ താമസിച്ചിരുന്ന സ്ഥലം റെയ്ഡു ചെയ്യുകയായിരുന്നു. സോംനാഥ് ഭാരതി യുവതികളെ വംശീയമായി അധിക്ഷേപിച്ചുവെന്നും ആരോപണം ഉയർന്നു.
ശനിയാഴ്ചയാണ് യുവതി സാകേതിലെ കോടതിയെ സമീപിച്ചത്. താമസസ്ഥലം ഉപേക്ഷിച്ച് പോകണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. തങ്ങൾ ചികിത്സയ്ക്കായാണ് ഡൽഹിയിലേക്ക് വന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫെബ്രുവരി 14-നകം റിപ്പോർട്ട് നൽകാനാണ് കോടതി നിർദ്ദേശം.
