Skip to main content
ഗാസിയാബാദ്

Arvind kejriwalഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്നു മുതല്‍ സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ ഉത്തർപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.  മുഖ്യമന്ത്രിയുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ഗാസിയാബാദ് പൊലീസ് തീരുമാനം കൈക്കൊണ്ടത്. തിങ്കളാഴ്ച (ഇന്ന്)മുതല്‍ സുരക്ഷ നല്‍കാനാണ് തീരുമാനം.  

 

സെഡ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കൊപ്പം മുപ്പത് സുരക്ഷാ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറുമുണ്ടാകും. ഗാസിയാബാദിലെ കൗശാമ്പിയിലുള്ള ഗിര്‍നാര്‍ അപ്പാര്‍ട്ട്‌മെന്റിലെ ഫ്ലാറ്റിലാണ് കെജ്‌രിവാളും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. ഇവിടം യു.പി സംസ്ഥാനത്തിന്‍റെ ഭാഗമാണ്. ഫ്ലാറ്റിന് ചുറ്റും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

 

ഇന്നുമുതല്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനൊപ്പം രണ്ട് അകമ്പടി വാഹനങ്ങളുമുണ്ടാകും. രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരും ആറ് കോണ്‍സ്റ്റബിള്‍മാരുമാണ് വാഹനത്തിലുണ്ടാകുക. കൂടാതെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ സുരക്ഷാകാര്യങ്ങള്‍ മാത്രം നോക്കാനായി മാത്രം നിയമിക്കും. മുഖ്യമന്ത്രി സമ്മതിച്ചാലും ഇല്ലെങ്കിലും സുരക്ഷ നല്‍കുക എന്നത് ഡ്യൂട്ടിയുടെ ഭാഗമാണെന്ന് എസ്.പി ധര്‍മേന്ദ്ര സിങ്ങ് പറഞ്ഞു. നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ നിര്‍ദ്ദേശ പ്രകാരം മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിരുന്നു.