Skip to main content
ഹൈദരാബാദ്

telanganaസംസ്ഥാന വിഭജന പ്രശ്നത്തില്‍ ആന്ധ്രാപ്രദേശ് നിയമസഭയിലെ സ്തംഭനം രണ്ടാം ദിനമായ ശനിയാഴ്ചയും തുടര്‍ന്നു. രണ്ട് ആഴ്ചത്തെ ഇടവേളക്ക് ശേഷം സഭ പുനരാംഭിച്ച വെള്ളിയാഴ്ചയും ബഹളം കാരണം നടപടികളിലേക്ക് കടക്കാനാകാതെ സഭ പിരിഞ്ഞിരുന്നു. തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആന്ധ്രാപ്രദേശ് പുന:സംഘടനാ ബില്‍ 2013 ചര്‍ച്ച ചെയ്യാനാണ് സഭ സമ്മേളിക്കുന്നത്.

 

വിഭജനത്തെ എതിര്‍ക്കുന്ന സീമാന്ധ്രയില്‍ നിന്നുള്ള തെലുഗുദേശം, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്പീക്കറുടെ ഇരിപ്പിടം വളഞ്ഞപ്പോള്‍ ബില്ലിന് പിന്തുണയുമായി തെലുങ്കാന രാഷ്ട്ര സമിതി അംഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി. സഭ രണ്ടുതവണ ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ച സ്പീക്കര്‍ നഡെണ്ട്ല മനോഹര്‍ ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിയുന്നതായി പ്രഖ്യാപിച്ചു.

 

അതിനിടെ, തെലുങ്കാന രൂപീകരണത്തെ അനുകൂലിക്കുന്ന മന്ത്രി ശ്രീധര്‍ ബാബുവില്‍ നിന്ന്‍ സഭ സമ്മേളിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് പാര്‍ലിമെന്ററി വകുപ്പ് എടുത്തുമാറ്റിയ മുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡ്ഡിയുടെ നടപടി കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിട്ടുണ്ട്. വിഭജനത്തെ എതിര്‍ക്കുന്ന മുഖ്യമന്ത്രി സമാന ചിന്താഗതിക്കാരനായ എസ്. ശൈലജാനാഥിനാണ് വകുപ്പ് കൈമാറിയത്‌. ശ്രീധര്‍ ബാബു മുഖ്യമന്ത്രിയ്ക്ക് രാജിക്കത്ത് അയച്ചിട്ടുണ്ട്.

 

ബില്ലിലെ ചര്‍ച്ച തുടങ്ങിയതുമായി ബന്ധപ്പെട്ടു പാര്‍ട്ടികള്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. ഡിസംബറില്‍ സഭ സമ്മേളിച്ചപ്പോള്‍ ബഹളം കാരണം ബില്ലില്‍ ചര്‍ച്ച തുടങ്ങിയില്ലെന്ന സീമാന്ധ്ര അംഗങ്ങളുടെ വാദം അംഗീകരിച്ച സ്പീക്കര്‍ വെള്ളിയാഴ്ച ബില്‍ ചര്‍ച്ചയ്ക്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. സമ്മേളനം തടസപ്പെടുത്തി ബില്ലില്‍ ചര്‍ച്ച അനുവദിക്കാതിരിക്കുകയാണ് മന്ത്രിയെ മാറ്റിയതിലൂടെ മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് തെലുങ്കാനയില്‍ നിന്നുള്ള എം.എല്‍.എമാര്‍ ആരോപിക്കുന്നു. ജനുവരി 23-നകം അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബില്‍ നിയമസഭയ്ക്ക് അയച്ചിരിക്കുന്നത്.