Skip to main content
ഹൈദരാബാദ്

ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നതിന്റെ സൂചനകള്‍ ശക്തമായതോടെ വിശാലാന്ധ്ര (ആന്ധ്ര, റായലസീമ മേഖലകള്‍)യില്‍ നിന്നുള്ള നേതാക്കളുടെ എതിര്‍പ്പുകളും രൂക്ഷമാകുന്നു. ശനിയാഴ്ച ആന്ധ്ര, റായലസീമ മേഖലകളില്‍ വിഭജനത്തിനെതിരെ റാലികള്‍ നടന്നു.

 

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയും വിശാലാന്ധ്രയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും ശനിയാഴ്ച കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെയും പ്രധാനമന്ത്രിയെയും കണ്ടു. തെലങ്കാന സംസ്ഥാന രൂപീകരണം ആത്മഹത്യാപരമായ നീക്കമാണെന്നും ആന്ധ്രാപ്രദേശ് വിഭജിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചതായാണ് സൂചന.

 

ആന്ധ്ര മേഖലയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ പള്ളം രാജു, കെ.എസ് റാവു, ചിരഞ്ജീവി, ഡി. പുരന്ദേശ്വരി പാര്‍ലിമെന്റംഗങ്ങളായ കെ. ബാപ്പി രാജു, അനന്തരാമി റെഡ്ഡി എന്നിവര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും കണ്ട് വിഭജനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.

 

കേന്ദ്രമന്ത്രി റാവുവിന്റെ വസതിയില്‍ യോഗം ചേര്‍ന്ന വിശാലാന്ധ്രയില്‍ നിന്നുള്ള 15 സംസ്ഥാന മന്ത്രിമാര്‍ തെലങ്കാന രൂപീകരിക്കുകയാണെങ്കില്‍ രാജിവെക്കുകയല്ലാതെ തങ്ങള്‍ക്ക് വേറെ മാര്‍ഗ്ഗമില്ലെന്ന്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കാന്‍ കേന്ദ്രമന്ത്രി റാവുവിനെ ചുമതലപ്പെടുത്തിയിരുന്നു.

 

വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തെലങ്കാന സംസ്ഥാന രൂപീകരണത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയതായി സൂചനകളുണ്ട്. പ്രത്യേക സംസ്ഥാനത്തിനായുള്ള രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ആവശ്യമായ ഈ വിഷയത്തില്‍ യു.പി.എ സര്‍ക്കാര്‍ നടത്തുന്ന രണ്ടാമത്തെ നീക്കമാണിത്. 2009 ഡിസംബറില്‍ പ്രത്യേക സംസ്ഥാനം എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും വിശാലാന്ധ്രയില്‍ ഉയര്‍ന്ന വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന്‍ നീക്കം പരാജയപ്പെടുകയായിരുന്നു.