ആന്ധ്രാപ്രദേശ് വിഭജിച്ച് പുതിയ തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നത് സംബന്ധിച്ച തീരുമാനം യു.പി.എ സര്‍ക്കാര്‍ ഉടനെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ വ്യാഴാഴ്ച പറഞ്ഞു. എന്നാല്‍ സംസ്ഥാനം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ദ ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഈ വിഷയത്തില്‍ ചര്‍ച്ച തുടരുകയാണെന്നും വിശദാംശങ്ങള്‍ തനിക്ക് വെളിപ്പെടുത്താന്‍ ആവില്ലെന്നുമാണ് ഷിന്‍ഡേ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, ഹൈദരാബാദിന്റെ പദവി സംബന്ധിച്ചും റായലസീമ പ്രദേശത്തെ കുര്‍ണൂല്‍, അനന്തപുര്‍ ജില്ലകള്‍ തെലങ്കാനയില്‍ ചേര്‍ക്കുന്നത് സംബന്ധിച്ചുമാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് പാര്‍ട്ടിയിലേയും സര്‍ക്കാറിലേയും വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
ജില്ലകള്‍ ചേര്‍ക്കുന്നതോടെ ഇരു സംസ്ഥാനങ്ങളിലും ലോക്സഭാ സീറ്റുകളുടെ എണ്ണം 21 ആകും. തെലങ്കാനയില്‍ ഉള്‍പ്പെടുന്ന ഹൈദരാബാദില്‍ ആന്ധ്ര, റായലസീമ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ നടത്തിയിട്ടുള്ള വന്‍ നിക്ഷേപങ്ങളുടെ സംരക്ഷണാര്‍ത്ഥം ഹൈദരാബാദിനെ അടുത്ത പത്ത് വര്‍ഷത്തേക്ക് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുക എന്ന നിര്‍ദ്ദേശം കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ട്.
