ഡെല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരണത്തില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി) അടുത്ത തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍. അതിന് മുന്നോടിയായി സംസ്ഥാനത്തെ ജനങ്ങളുടെ അഭിപ്രായം പാര്‍ട്ടി നേരിട്ടു തേടുമെന്ന് കേജ്രിവാള്‍ അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അയച്ച കത്തിന് കോണ്‍ഗ്രസ് നല്‍കിയ മറുപടി പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്തതിന് ശേഷമായിരുന്നു കേജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ചക്കകം 270 പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് 25 ലക്ഷം തുറന്ന കത്ത് വിതരണം ചെയ്യുമെന്ന് കേജ്രിവാള്‍ അറിയിച്ചു. ജനങ്ങള്‍ക്ക് എസ്.എം.എസ് വഴിയോ ഫോണില്‍ വിളിച്ചോ, തങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചോ അഭിപ്രായം അറിയിക്കാമെന്ന് കേജ്രിവാള്‍ പറഞ്ഞു.
കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളതിനെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് കേജ്രിവാള്‍ പറഞ്ഞു. ചരണ്‍ സിങ്ങ് (1980), ചന്ദ്രശേഖര്‍ (1991) മന്ത്രിസഭകളുടെ അനുഭവം ഓര്‍മ്മിപ്പിച്ച് സര്‍ക്കാറുകളെ വലിച്ചിടുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്റെ റെക്കോഡ് എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
എ.എ.പി സര്‍ക്കാര്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും പിന്തുണ സ്വീകരിക്കുന്നതിന് 18 നിബന്ധനകള്‍ മുന്നോട്ട് വെച്ച് കേജ്രിവാള്‍ കത്തയച്ചിരുന്നു. 18-ല്‍ 16-ഉം ഭരണപരമായ കാര്യങ്ങളാണെന്നും അതിന് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ ആവശ്യം വരില്ലെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. ബി.ജെ.പി കത്തിന് മറുപടി നല്‍കിയില്ല.
അതിനിടെ, ബുധനാഴ്ച നിയമസഭയുടെ കാലാവധി തീരുകയും ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആകാത്തതുമായ സാഹചര്യത്തില്‍ ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാന്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ലെഫ്റ്റ. ഗവര്‍ണ്ണര്‍ നജീബ് ജങ്ങ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 70 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായ 36 സീറ്റുകള്‍ ഒരു കക്ഷിക്കും ലഭിച്ചിരുന്നില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്നും രണ്ടാമത്തെ വലിയ കക്ഷിയായ എ.എ.പി കൂടുതല്‍ സമയം തേടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഗവര്‍ണ്ണറുടെ നടപടി.
എന്നാല്‍, നിയമസഭ മരവിപ്പിച്ച് നിര്‍ത്താനാണ് ഗവര്‍ണ്ണറുടെ ശുപാര്‍ശയെന്നറിയുന്നു. ഇത് പിന്നീട് പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സഹായകരമാണ്. നിയമസഭ പിരിച്ചുവിടുന്ന പക്ഷം അടുത്ത പൊതുതെരഞ്ഞെടുപ്പിനൊപ്പം ഡെല്‍ഹി നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലാകും. കോണ്‍ഗ്രസ് പിന്തുണ സംബന്ധിച്ച തിങ്കളാഴ്ച എ.എ.പിയുടെ തീരുമാനത്തോടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത കിട്ടൂ.

