സംസ്ഥാന നിയമസഭയിലേക്ക് നടന്ന വോട്ടെണ്ണല്‍ ഞായറാഴ്ച പൂര്‍ത്തിയായപ്പോള്‍ ഡെല്‍ഹി തൂക്കുസഭയിലേക്ക്. 70 അംഗ നിയമസഭയിലെ എല്ലാ സീറ്റിലും ഫലമറിവായപ്പോള്‍ ബി.ജെ.പിയ്ക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനേ കഴിഞ്ഞുള്ളൂ. 32 സീറ്റുകളില്‍ വിജയിച്ച പാര്‍ട്ടിയ്ക്ക് കേവല ഭൂരിപക്ഷത്തിന് നാല് സീറ്റ് കുറവാണ്.
തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിച്ച ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനം ഭരണകക്ഷിയായ കോണ്‍ഗ്രസിനെ ഒറ്റയക്കത്തിലേക്ക് ചുരുക്കിയതിനോടൊപ്പം ബി.ജെ.പിയെ കേവല ഭൂരിപക്ഷത്തില്‍ നിന്ന്‍ തടയുകയുമായിരുന്നു. പാര്‍ട്ടി 28 സീറ്റുകള്‍ നേടി. അതേസമയം,സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആരേയും പിന്തുണക്കുകയോ ആരുടേയും പിന്തുണ സ്വീകരിക്കുകയോ ചെയ്യില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 15 വര്‍ഷം സംസ്ഥാനത്ത് അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് എട്ടു സീറ്റുകളിലെ വിജയിക്കാനായുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്നും 35 സീറ്റുകളാണ് പാര്‍ട്ടിയ്ക്ക് നഷ്ടമായത്. മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് 25,864 വോട്ടിന്റെ വന്‍ വ്യത്യാസത്തില്‍ കേജ്രിവാളിനോട് പരാജയപ്പെട്ടു.
അവശേഷിക്കുന്ന രണ്ട് സീറ്റുകളില്‍ ഒന്നില്‍ ജനതാദള്‍ (യു)വും മറ്റൊന്നില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുമാണ് വിജയിച്ചത്.
രാജസ്താനിലും മുഴുവന്‍ സീറ്റിലും ഫലമറിവായിട്ടുണ്ട്. 200 അംഗ നിയമസഭയില്‍ ബി.ജെ.പി നാലില്‍ മൂന്ന്‍ ഭൂരിപക്ഷം നേടി. വോട്ടെടുപ്പ് നടന്ന 199 സീറ്റില്‍ 162 എണ്ണത്തിലും പാര്‍ട്ടി വിജയിച്ചു. കോണ്‍ഗ്രസിന് 21 സീറ്റുകളെ നേടാനായുള്ളൂ.

