Skip to main content
ന്യൂഡല്‍ഹി

അഴിമതിക്കെതിരായ സമരത്തില്‍ തന്റെ പേരുപയോഗിച്ച് പിരിച്ചെടുത്ത പണം ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ദുരുപയോഗം ചെയ്യുന്നെന്ന് പറയുന്ന അണ്ണാ ഹസാരെയുടെ ദൃശ്യങ്ങള്‍ പുറത്ത്. എന്നാല്‍  ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

 

കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പില്‍ പ്രചരിപ്പിച്ചതിന് പ്രത്യേക രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. മൂന്നു കോടിയോളം ആളുകള്‍ സംഭാവന നല്‍കി. അഞ്ചു രൂപ പോലും താന്‍ എടുത്തില്ല. കെജ്‌രിവാളും സംഘവും തന്റെ പേരില്‍ പണം പിരിച്ച് ദുരുപയോഗം ചെയ്യുകയാണ് എന്ന് അണ്ണാ ഹസാരെ അനുയായികളോട് പറയുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

 

ഇതിനിടെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ആരും തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് അണ്ണാഹസാരെ പറഞ്ഞു. എന്നാല്‍ ചില കാര്യങ്ങളില്‍ കെജ്‌രിവാളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി ഹസാരെ സമ്മതിച്ചു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവെ മഷി ഒഴിച്ച സംഭവത്തിലും ഹസാരെ അപലപിക്കുകയുണ്ടായി. ജന്‍ലോക്പാല്‍ സമരത്തിന്റെ ഫണ്ട് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിച്ചു എന്നാരോപിച്ച് അണ്ണാ ഹസാരെ അയച്ച കത്തിന് മറുപടി നല്‍കാനാണ് കേജ്‌രിവാള്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. ഇതിനിടെ ഒരു യുവാവ് പ്രകോപനപരമായി കേജ്‌രിവാളിന്റെ സമീപത്തേക്ക് നീങ്ങി അദ്ദേഹത്തിനു നേരെ മഷി ഒഴിക്കുകയായിരുന്നു.

 

വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആം ആദ്മി പാര്‍ട്ടിയുടെ അടിയന്തിര നേതൃയോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്ന് എ.എ.പി ആരോപിച്ചു.

Tags