ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ് വിക്രമാദിത്യ ഇന്ത്യന്‍ നാവികസേനയ്ക്ക് സ്വന്തം. റഷ്യയിലെ സേവ്മാഷ് കപ്പല്‍ശാലയില്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച കപ്പലില്‍ ദേശീയ പതാക ഉയര്‍ത്തി. നാവികസേന ഇതുവരെ പ്രവര്‍ത്തിപ്പിച്ച കപ്പലുകളില്‍ വെച്ച് ഏറ്റവും വലുതാണ് 44,500 ടണ്‍ കേവുഭാരമുള്ള വിക്രമാദിത്യ.
230 കോടി യു.എസ് ഡോളര്‍ ആണ് ഈ യുദ്ധക്കപ്പലിനായി ഇന്ത്യ റഷ്യക്ക് നല്‍കുന്നത്. 2008-ല്‍ പണിതീര്‍ത്തു നല്‍കാനായിരുന്നു കരാറെങ്കിലും വിവിധ സാങ്കേതിക തകരാറുകളെ തുടര്‍ന്ന് കൈമാറ്റം വൈകുകയായിരുന്നു. റഷ്യയുടെ വിമാനവാഹിനിക്കപ്പലായിരുന്ന അഡ്മിറല്‍ ഗോര്‍ഷ്കോവ് പുതുക്കിപ്പണിതതാണ് ഐ.എന്‍.എസ് വിക്രമാദിത്യ.
ഇന്ത്യയുടെ സാമ്പത്തിക വികസനം കടലിനെ ആശ്രയിച്ചാണെന്നും രാജ്യത്തിന്റെ നാവിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയെന്നത് ദേശീയ നയത്തിന്റെ കേന്ദ്രബിന്ദുവാണെന്നും മന്ത്രി ആന്റണി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു. മിഗ് 29കെ പോര്‍വിമാനങ്ങളും കമോവ് 31 ഹെലിക്കോപ്റ്ററുകളും അടക്കം വിക്രമാദിത്യ ഇന്ത്യയുടെ സ്വന്തമാകുന്നത് ഈ നയത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം നാവികസേനയുടെ സൈനിക കഴിവുകള്‍ക്ക് പുതിയ മാനവും നല്‍കുമെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു.
കമ്മീഷനിങ്ങുമായി ബന്ധപ്പെട്ട രേഖകളില്‍ കപ്പലിന്റെ ക്യാപ്റ്റന്‍ സുരാജ് ബെറിയും റഷ്യന്‍ ആയുധ കയറ്റുമതി സ്ഥാപനമായ റോസോബോറോണ്‍ ഏക്സ്പോര്‍ട്ടിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഇഗോര്‍ സെവാസ്ത്യനോവും ഒപ്പുവെച്ചു. കപ്പല്‍ 2014 ജനുവരിയില്‍ കര്‍ണ്ണാടകത്തിലെ കാര്‍വാറിലുള്ള നാവികത്താവളത്തില്‍ എത്തിച്ചേരും. നാവികസേനയുടെ അഞ്ച് യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെയാണ് കപ്പല്‍ ഇന്ത്യയിലേക്ക് തിരിക്കുക. കപ്പലില്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇനിയും സജ്ജമാക്കിയിട്ടില്ലാത്തതിനാല്‍ സഞ്ചാരപാത പുറത്തുവിട്ടിട്ടില്ല.