Skip to main content
തൂത്തുക്കുടി

തൂത്തുക്കുടി തുറമുഖത്ത് ആയുധശേഖരവുമായി യു.എസ് കപ്പല്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും എ.കെ 47 തോക്കുകളും വെടിക്കോപ്പും തമിഴ്‌നാട് ക്യു ബ്രാഞ്ച് എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുക്കുകയും ചെയ്തു.പത്ത് കപ്പല്‍ ജീവനക്കാരും 25 സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം 35 പേരാണ് എം വി സീമാന്‍ ഓഹിയോ എന്ന കപ്പലില്‍ ഉള്ളത്. ഇതില്‍ എട്ടുപേര്‍ ഇന്ത്യക്കാരാണ്.

 

തൂത്തുക്കുടിയില്‍നിന്നും 15 നോട്ടിക്കല്‍മൈല്‍ അകലെക്കൂടി സഞ്ചരിക്കുന്നതിനിടെയാണ് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ ശനിയാഴ്ച കപ്പല്‍ പിടികൂടിയത്. അനധികൃതമായി ആയുധങ്ങള്‍ കൊണ്ടുപോയതിന് കപ്പല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കപ്പല്‍ ഉപയോഗിച്ച് ആയുധക്കടത്ത് നടത്തിയതാണോയെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. തൂത്തുക്കുടിയില്‍ എത്തുന്നതിനു മുന്‍പ് രണ്ടു മാസം കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടിരുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തി.

 

സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ പിടികൂടിയത്.