തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര മന്ത്രി സഭാ തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പല്ലം രാജു രാജി വച്ചു. ടെക്‌സ്‌റ്റൈല്‍ മന്ത്രി കെ.എസ്. റാവു, കൊട്‌ല സൂര്യപ്രകാശ് റെഡ്ഡി, പന്നബ ലക്ഷ്മി , കെ കൃപാറാണി എന്നിവരും രാജിവച്ചതായി സൂചനയുണ്ട്. ചലച്ചിത്രതാരവും ടൂറിസം മന്ത്രിയുമായ ചിരഞ്ജീവി രാത്രി തന്നെ തന്റെ രാജിക്കത്ത് പ്രധാനമന്ത്രിക്ക് ഫാക്‌സ് അയച്ചിരുന്നു. പല്ലം രാജു വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രിക്ക് കത്ത് കൈമാറിയത്.
രാജിവെക്കാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ലെന്നും ആന്ധ്രയിലെ ജനങ്ങളുടെ വികാരം മന്ത്രിസഭ കണക്കിലെടുത്തില്ലെന്നും രാജിക്കത്ത് കൈമാറിയ ശേഷം പല്ലം രാജു പറഞ്ഞു. സീമാന്ധ്രാ ഭാഗത്ത് നിന്നുള്ള കൂടുതല്‍ കേന്ദ്രമന്ത്രിമാര്‍ രാജി വെക്കുമെന്നാണ് സൂചന.
തെലങ്കാനാ സംസ്ഥാന രൂപീകരണത്തിനെതിരെ സീമാന്ധ്രയില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. കേന്ദ്ര മന്ത്രി സഭാ തീരുമാനത്തില്‍ പ്രതിഷേധിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി റായല്‍സീമയിലെയും തീരദേശ ആന്ധ്രയിലെ പതിമൂന്ന് ജില്ലകളിലും മൂന്ന് ദിവസത്തെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡി നാളെ മുതല്‍ അനിശ്ചിത കാല നിരാഹാരം ആരംഭിക്കും.
സംസ്ഥാന വിഭജനം ഒരിക്കലും ഗുണകരമാവില്ലെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ കിരണ്‍ കുമാര്‍ റെഡ്ഡി അഭിപ്രായപ്പെട്ടു. നക്സല്‍ ഭീഷണി വര്‍ദ്ധിക്കുന്നതിന് വിഭജനം കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ തീരുമാനത്തിനെതിരെ കോൺഗ്രസ് എം.പി എൽ.രാജഗോപാല്‍ സുപ്രീംകോടതിയെ സമീപിക്കും. കേന്ദ്ര സർക്കാരിന്റെ തീരുമാനം ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
