Skip to main content
ഡെറാഡൂണ്‍

ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മരിച്ചവരുടെ ശവസംസ്കാരം തുടങ്ങി. രുദ്രപ്രയാഗ് ജില്ലയിലെ കേദാര്‍ താഴ്വരയില്‍ ബുധനാഴ്ച മതാചാരപ്രകാരം കൂട്ട സംസ്കാരമാണ് നടന്നത്. പത്ത് ദിവസത്തോളമെത്തിയ മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികള്‍ ബാധിച്ചേക്കുമോ എന്ന ഭയം നിലനില്‍ക്കുന്നു.

 

ജൂണ്‍ 16 മുതല്‍ കേദാര്‍നാഥ് അമ്പലത്തിന് ചുറ്റും നൂറുകണക്കിന് മൃതദേഹങ്ങളാണ് കൂടിക്കിടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ മതാചാര്യരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കൂട്ടസംസ്കാരത്തിന് തീരുമാനമായത്.

 

150 ക്വിന്റല്‍ വിറകാണ് സംസ്കാരത്തിനായി ഹേലികോപ്ടര്‍ മുഖേന കേദാര്‍നാഥിലെത്തിക്കുന്നത്. സംസ്കാരത്തിന് മുന്‍പ് മൃതദേഹങ്ങളുടെ ചിത്രങ്ങളും ഡി.എന്‍.എ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്.

 

കേന്ദ്ര ആരോഗ്യ മന്ത്രാലയം, ബെംഗലൂരു നിംഹാന്‍സ് എന്നിവിടങ്ങളില്‍ നിന്നായി ഏഴു മെഡിക്കല്‍ സംഘങ്ങള്‍ പകര്‍ച്ചവ്യാധി സാധ്യത വിലയിരുത്തുന്നതിനായി ഉത്തരാഖണ്ഡിലെത്തിയിട്ടുണ്ട്.