ന്യൂഡല്‍ഹി: രാജസ്താന്‍ റോയല്‍സ് ഉടമകളില്‍ ഒരാളും ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ വാതുവെപ്പ് നടത്തിയതായി ഡല്‍ഹി പോലീസ്. രാജ്യം വിടരുതെന്ന്‍ കുന്ദ്രയോട് ആവശ്യപ്പെട്ട പോലീസ് അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് തടഞ്ഞുവെച്ചു.
ബുധനാഴ്ച പത്ത് മണിക്കൂറോളം കുന്ദ്രയെ ഐ.പി.എല്‍ വാതുവെപ്പ് കേസ് അന്വേഷിക്കുന്ന പ്രതേക പോലീസ് സംഘം ചോദ്യം ചെയ്തിരുന്നു. മത്സരങ്ങളില്‍ കുന്ദ്ര വാതുവെപ്പ് നടത്തിയിരുന്നു എന്ന്‍ പോലീസ് അറിയിച്ചു. എന്നാല്‍ മൂന്നു രാജസ്താന്‍ റോയല്‍സ് താരങ്ങള്‍ അറസ്റ്റിലായ ഒത്തുകളിയുമായി കുന്ദ്രക്ക് ബന്ധമുണ്ടോ എന്നറിവായിട്ടില്ല.
മലയാളി തരം ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത സംഘടിത കുറ്റകൃത്യ നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഇതനുസരിച്ച് ചൊവാഴ്ച കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. കുന്ദ്രക്കും ഇത്തരം ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
