
ന്യൂഡല്‍ഹി: ഐപിഎല്‍ ആറാം സീസണിലെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കം. മൂന്നാം കിരീടം തേടിയിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്ങ്സും കന്നിക്കിരീടം സ്വപ്നം കാണുന്ന മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ആദ്യ ക്വാളിഫൈയര്‍ ആണ് ചൊവ്വാഴ്ച. ബുധനാഴ്ച എലിമിനേറ്റര്‍ മത്സരത്തില്‍ ഒത്തുകളി വിവാദത്തിന്‍റെ കരിനിഴല്‍ മായ്ക്കാന്‍ രാജസ്ഥാന്‍ റോയല്‍സും കറുത്ത കുതിരകളാവാന്‍ ഹൈദരാബാദ് സണ്‍ റൈസേഴ്സും തമ്മില്‍ ഏറ്റുമുട്ടും. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിലാണ് ഇരു മത്സരങ്ങളും.
16 കളികളില്‍ 11 വീതം ജയിച്ച സൂപ്പര്‍ കിങ്ങ്സും മുംബൈ ഇന്ത്യന്‍സും 22 പോയിന്റ് കരസ്ഥമാക്കി. എന്നാല്‍ മികച്ച റണ്‍ റേറ്റുമായി ചെന്നൈ ലീഗില്‍ മുന്നിട്ടു നിന്നു. രാജസ്ഥാന്‍ റോയല്‍സും സണ്‍ റൈസേഴ്സും 10 വീതം ജയങ്ങളോടെ പോയന്റ് പട്ടികയില്‍ തുല്യത പാലിച്ചെങ്കിലും റണ്‍ നിരക്കില്‍ റോയല്‍സാണ് മുന്നില്‍. അവസാന ലീഗ് മത്സരത്തിലെ വിജയത്തോടെയാണ് സണ്‍ റൈസേഴ്സ് പ്ലേ ഓഫിന് യോഗ്യത നേടിയത്.
ആദ്യ ക്വാളിഫയറില്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനലില്‍ എത്തുമ്പോള്‍ തോല്‍ക്കുന്ന ടീമിന് ഫൈനലില്‍ എത്താന്‍ ഒരു അവസരം കൂടി ലഭിക്കും. ഇവര്‍ എലിമിനേറ്റര്‍ മത്സരം ജയിച്ചെത്തുന്ന ടീമിനെ രണ്ടാം ക്വാളിഫയറില്‍ നേരിടും. മേയ് 24-ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് രണ്ടാം ക്വാളിഫയര്‍. 26-ന് ഫൈനലും ഇവിടെത്തന്നെ നടക്കും.
