Skip to main content

ന്യൂഡല്‍ഹി: മുംബൈയില്‍ 1993 ല്‍ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. വിചാരണ നടത്തിയ ടാഡാ കോടതി മറ്റ് 10 പ്രതികള്‍ക്ക് നല്‍കിയ വധശിക്ഷ കോടതി ഇളവു ചെയ്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് ആയുധം കൈവശം വെച്ച കേസില്‍ പ്രതിയായിരുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ തടവുശിക്ഷ സുപ്രീം കോടതി അഞ്ചുവര്‍ഷമായി കുറച്ചു. ജസ്റ്റീസുമാരായ പി.എസ്. സതാശിവം, ബി.എസ്. ചൌഹാന്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്.

 

18 മാസം തടവില്‍ കഴിഞ്ഞ ദത്ത് ഇനി മൂന്നരവര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ആറുവര്‍ഷം തടവുശിക്ഷയാണ് ടാഡാ കോടതി വിധിച്ചിരുന്നത്. എ കെ 56 റൈഫിളും 9 എം എം പിസ്റ്റളും കൈവശംവച്ചതിനു ആയുധ നിയമ പ്രകാരമാണ് കേസെടുത്തിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് എതിരെയുള്ള ഗൂഢാലോചന അടക്കമുള്ള ഗൗരവമേറിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല.

മുംബൈയില്‍ 1993 മാര്‍ച്ച് 12ന് പന്ത്രണ്ടിടങ്ങളിലായി നടന്ന സ്ഫോടനങ്ങളില്‍ 257 പേര്‍ കൊല്ലപ്പെട്ടു.  കേസില്‍ ദാവൂദ് ഇബ്രാഹീം അടക്കമുള്ളവരെ ഇനിയും പിടികൂടാനുണ്ട്. ടാഡ കോടതി 2006 ലാണ് പ്രതികളുടെ ശിക്ഷ വിധിച്ചത്. 1994 ല്‍ പോലീസിന് കീഴടങ്ങിയത് മുതല്‍ ജയിലില്‍ കഴിയുകയാണ് യാക്കൂബ് മെമന്‍.
 

Tags