ജെ.യു.ഡി, ഹഖ്വാനി ശൃംഖല സംഘടനകളെ പാകിസ്ഥാന്‍ നിരോധിച്ചു

Thu, 22-01-2015 05:15:00 PM ;
ഇസ്ലാമാബാദ്

hafiz saeed

 

ജമാഅത്ത്-ഉദ്-ദവ (ജെ.യു.ഡി), അഫ്ഘാനിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ഹഖ്വാനി ശൃംഖല എന്നിവയടക്കമുള്ള ഭീകര സംഘടനകളെ പാകിസ്ഥാന്‍ നിരോധിച്ചു. സംഘടനകളുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ പാക് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്.

 

പെഷവാറിലെ സ്കൂളില്‍ താലിബാന്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന്‍ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ ഭീകര സംഘടനകളെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് മേല്‍ വന്‍ സമ്മര്‍ദം ഉണ്ടായിരുന്നു. ആക്രമണത്തില്‍ 134 കുട്ടികള്‍ അടക്കം 150 പേര്‍ കൊല്ലപ്പെട്ടിരുന്നു.  

 

നിരോധിത ഭീകര സംഘടനയായ ലഷ്കര്‍-ഇ-ത്വൈബയുടെ മുന്നണി സംഘടനയായാണ്‌ ജെ.യു.ഡി കരുതപ്പെടുന്നത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് പ്രധാന ഉത്തരവാദിയെന്ന് ഇന്ത്യ കരുതുന്ന ഹഫീസ് മുഹമ്മദ്‌ സയീദാണ് ഈ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. ജെ.യു.ഡിയെ നിരോധിക്കണമെന്നും സയീദിനെ മുംബൈ ഭീകരാക്രമണ കേസില്‍ അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ്.

 

2008-ല്‍ അഫ്ഘാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യയുടെ സ്ഥാനപതി കാര്യാലയത്തിന് നേരെ നടന്ന 58 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നില്‍ ഹഖ്വാനി ശൃംഖലയാണ് പ്രവര്‍ത്തിച്ചതെന്ന് ആരോപിക്കപ്പെട്ടിരുന്നു. ജലാലുദ്ദീന്‍ ഹഖ്വാനി സ്ഥാപിച്ച ഈ സംഘടന അഫ്ഘാനില്‍ നാറ്റോ സൈനികരെ ലക്ഷ്യമിട്ട് ഒട്ടേറെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെയാണ് ഹഖ്വാനി ശൃംഖല പ്രവര്‍ത്തിക്കുന്നതെന്നും അഫ്ഘാന്‍, യു.എസ് അധികൃതര്‍ ആവര്‍ത്തിച്ച് ആരോപിച്ചിട്ടുണ്ട്. എന്നാല്‍, ഇത് പാകിസ്ഥാന്‍ നിഷേധിക്കുന്നു.

Tags: