Skip to main content

തുര്‍ക്കിയില്‍ ഒരു വിഭാഗം സൈനികര്‍ വെള്ളിയാഴ്ച രാത്രി ഭരണം പിടിക്കാന്‍ ശ്രമം നടത്തി. എന്നാല്‍, തന്റെ സര്‍ക്കാര്‍ തന്നെയാണ് ഇപ്പോഴും അധികാരത്തിലെന്ന്‍ പ്രസിഡന്റ് രസിപ് തയ്യിപ് എദ്രുവാന്‍ ശനിയാഴ്ച പറഞ്ഞു. രാത്രി തലസ്ഥാനമായ അങ്കാറയില്‍ നടന്ന സ്ഫോടനങ്ങളിലും വെടിവെപ്പിലും വ്യോമാക്രമണങ്ങളിലും 60 പേരെങ്കിലും മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലിമെന്റ് മന്ദിരത്തിനു നേര്‍ക്കും ബോംബാക്രമണമുണ്ടായി.

 

പട്ടാള അട്ടിമറി ശ്രമത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയും പട്ടാളക്കാരെ നേരിടുകയും ചെയ്തതായി സര്‍ക്കാര്‍ അധികൃതര്‍ അറിയിക്കുന്നു. ഇസ്താംബൂളില്‍ അത്താതുര്‍ക് വിമാനത്താവളത്തിനു പുറത്ത് പ്രസിഡന്റ് എദ്രുവാന്‍ തന്നെ പിന്തുണക്കുന്നവരെ അഭിസംബോധന ചെയ്തു.  

 

അട്ടിമറിയ്ക്ക് ശ്രമിച്ച സൈനികരെ സുരക്ഷാ സൈനികര്‍ പരാജയപ്പെടുത്തിയതായി നീതിന്യായ വകുപ്പ് മന്ത്രി ബെകിര്‍ ബോസ്ദാഗ് പറഞ്ഞു. ഒരു സ്ഥലത്തും അവര്‍ക്ക് കൃത്യമായ നിയന്ത്രണമില്ലെന്നും വൈകാതെ തന്നെ ബാക്കിയുള്ള ഇടങ്ങളിലും അവരെ പരാജയപ്പെടുത്തുമെന്നും മന്ത്രി അവകാശപ്പെട്ടു. അട്ടിമറിയെ പിന്തുണച്ച 754 സൈനികര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തടവിലാക്കിയാതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

 

ഫെതുള്ള ഗുലെന്‍ എന്ന മതപുരോഹിതന്റെ അനുയായികളാണ് അട്ടിമറി ശ്രമത്തിനു പിന്നിലെന്ന് എദ്രുവാന്‍ ആരോപിച്ചു. യു.എസില്‍ അഭയാര്‍ഥിയായി കഴിയുന്ന ഗുലെന്‍ ഇസ്ലാമിലെ മിസ്റ്റിക് പാരമ്പര്യത്തെ പിന്തുടരുകയും ബഹുകക്ഷി ജനാധിപത്യം, മറ്റു മതങ്ങളുമായുള്ള സംഭാഷണം, വിഭ്യാഭ്യാസം, ശാസ്ത്രം എന്നിവയെ പിന്തുണക്കുകയും ചെയ്യുന്നയാളാണ്. അതേസമയം, ഇസ്ലാമിക രാഷ്ട്രീയമാണ് എദ്രുവാന്‍ പിന്തുടരുന്നത്. തുര്‍ക്കി സൈന്യം രാജ്യത്തെ ശക്തമായ മതേതര സ്ഥാപനവുമാണ്.