കഴിഞ്ഞ രണ്ടാഴ്ചകളില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 240 പേര്‍ മരിച്ച നേപ്പാളില്‍ ദുരിതാശ്വാസ സഹായത്തിനായി ഇന്ത്യ 3 കോടി രൂപ (4.8 കോടി നേപ്പാളി രൂപ) നല്‍കുമെന്ന് പ്രഖ്യാപിച്ചു. അതിര്‍ത്തിയില്‍ മൂന്ന്‍ ഹെലിക്കോപ്റ്ററുകളും ഒരു വിമാനവും ഇന്ത്യ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നു നേപ്പാളിലെ ഇന്ത്യയുടെ സ്ഥാനപതി രഞ്ജിത്ത് റെ അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന്‍ നേപ്പാളിന്റെ മദ്ധ്യ-പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമാണ്. കഴിഞ്ഞ മൂന്ന്‍ ദിവസങ്ങളില്‍ മാത്രം 85 പേര്‍ വിവിധ അപകടങ്ങളില്‍ കൊല്ലപ്പെട്ടു. 113 പേരെ കാണാതായിട്ടുണ്ട്.
നേപ്പാളില്‍ നിന്ന്‍ ഇന്ത്യന്‍ സംസ്ഥാനമായ ബീഹാറിലേക്ക് ഒഴുകുന്ന നദികള്‍ കരകവിഞ്ഞത് മൂലം ഉത്തര ബീഹാറും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇന്ത്യയുടെ ഹിമാലയന്‍ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴ പെയ്യുന്നുണ്ട്. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തരാഖണ്ഡില്‍ 27 പേര്‍ മരിച്ചു. ഇതോടെ ജൂണ്‍ ഒന്നിന് ശേഷം ആഗസ്ത് 16 ഉച്ചവരെയുള്ള കാലയളവില്‍ മണ്‍സൂണ്‍ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 57 ആയി.

