ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ മുന്നേറ്റം തുടരുന്ന ഇറാഖിന്റെ അതിര്‍ത്തി മേഖലയില്‍ നിന്ന് ഇറാഖ് സൈന്യം പിന്‍വാങ്ങിയ സാഹചര്യത്തില്‍ തീവ്രവാദികളുടെ കടന്നുകയറ്റം തടയാന്‍ സൗദി അറേബ്യ 30000 പട്ടാളക്കാരെ വിന്യസിച്ചു. ഭീകരരുടെ ഭീഷണി ചെറുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അബ്ദുള്ള രാജാവ് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സൗദിയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സേനയെ പിൻവലിച്ചുവെന്ന വാർത്ത ഇറാക്ക് നിഷേധിച്ചു.
ഇറാഖുമായി 800 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് സുന്നി ഭരണത്തിന്‍ കീഴിലുള്ള സൗദി അറേബ്യ. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ സൗദി അറേബ്യയിലെ അബ്ദുള്ള രാജാവുമായി ടെലിഫോണില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. തിക്രിത് തിരിച്ചുപിടിക്കുന്നതിന് ഒരാഴ്ച മുമ്പ് സൈനിക നടപടി ആരംഭിച്ചിട്ടും കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ലെന്നത് ഇറാഖ് സൈന്യത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വഴിമധ്യേ കുഴിബോംബുകളും ഭീകരര്‍ സ്ഥാപിച്ചതിനാല്‍ സൈനിക മുന്നേറ്റം മന്ദഗതിയിലാണെന്ന് സലാഹെദ്ദിന്‍ പ്രവിശ്യ ഗവര്‍ണര്‍ അഹമ്മദ് അബ്ദുള്ള ജബൂരി പറഞ്ഞു.

