വിദേശത്ത് യുദ്ധം ചെയ്യുന്നതിന് ജപ്പാനീസ് സൈന്യത്തിനുള്ള ഭരണഘടനാപരമായ വിലക്ക് ജപ്പാന്‍ അവസാനിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിലവില്‍ വന്ന ‘സമാധാന’ ഭരണഘടനയിലെ ഈ കാതലായ മാറ്റത്തിലൂടെ അറുപത് വര്‍ഷമായി രാജ്യം പിന്തുടരുന്ന പ്രതിരോധ നയം കൂടിയാണ് മാറുന്നത്. അയല്‍രാജ്യമായ ചൈനയെ ലക്ഷ്യം വെച്ചുള്ള പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ ഈ നടപടി, പക്ഷേ, രാജ്യത്തെ സമാധാന വാദികളെ ആശങ്കപ്പെടുത്തുന്നു.
സഖ്യരാഷ്ട്രങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ സഹായം നല്‍കുന്നതിനോ ‘കൂട്ടായ സ്വയം പ്രതിരോധ’ത്തിന്റെ ഭാഗമായി യുദ്ധം ചെയ്യുന്നതിനോ ജാപ്പനീസ് സൈന്യത്തെ അനുവദിക്കുന്ന പ്രമേയം ചൊവ്വാഴ്ചയാണ് മന്ത്രിസഭ പാസ്സാക്കിയത്. യു.എന്‍ സമാധാന സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനുള്ള നിബന്ധനകളിലും ഇളവ് വരുത്തിയിട്ടുണ്ട്.
1947-ല്‍ നിലവില്‍ വന്ന ജപ്പാന്റെ ഭരണഘടനയിലെ ഒന്‍പതാം വകുപ്പ് സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധം ഒരു മാര്‍ഗമായി ഉപയോഗിക്കുന്നത് വിലക്കുന്നു. ഇതനുസരിച്ച് സൈന്യത്തെ രൂപീകരിക്കുന്നത് പോലും നിയമപരമായി സാധ്യമല്ല. സ്വയം പ്രതിരോധ സേന എന്നാണ് ജപ്പാന്റെ സൈന്യം അറിയപ്പെടുന്നത്.
ചൈനയുടെ വര്‍ധിച്ചുവരുന്ന സാമ്പത്തിക-സൈനിക ശക്തി ചൂണ്ടിക്കാട്ടി ഈ വകുപ്പിനെതിരെ ജപ്പാന്‍ രാഷ്ട്രീയത്തിലെ യാഥാസ്ഥിതിക പക്ഷക്കാര്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ഈ രണ്ട് മേഖലയിലും പരിഷ്കരണം വാഗ്ദാനം ചെയ്താണ് അബെ 2012-ല്‍ അധികാരത്തില്‍ ഏറിയത്.
അതേസമയം, അബെയുടെ നീക്കത്തിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ മറികടന്നുള്ള നീക്കമാണ് ശക്തമായ എതിര്‍പ്പിന് ഇടയാക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ടോക്യോയില്‍ ഒരാള്‍ സ്വയം തീ കൊളുത്തിയിരുന്നു. ഇത്തരം പ്രതിഷേധങ്ങള്‍ ജപ്പാനില്‍ അപൂര്‍വ്വമാണ്. വിദേശത്തെ യുദ്ധങ്ങളില്‍ അനാവശ്യമായി ജപ്പാന്‍ കക്ഷി ചേരുമെന്നും പ്രക്ഷോഭകര്‍ ഭയക്കുന്നു.

