ജിദ്ദ
അനുവദനീയ അളവിലുമധികം കീടനാശിനികളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യം കണ്ടെത്തിയതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള പച്ചമുളകിന് സൗദി അറേബ്യ നിരോധനം ഏര്‍പ്പെടുത്തി. ജൂണ്‍ ഒന്ന് മുതലാണ് നിരോധനം നിലവില്‍ വരിക. ഇന്ത്യയില്‍ നിന്നുള്ള എല്ലാ ഇനത്തില്‍പ്പെട്ട മുളകുകളും ജൂണ്‍ ഒന്ന് മുതല്‍ ഇറക്കുമതി ചെയ്യരുതെന്നാണ് സൗദി കൃഷിമന്ത്രാലയം ഇറക്കുമതി ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആറ് ടണ്‍ പച്ചമുളകുമായി എത്തിയ കണ്ടെയ്‌നര്‍ അധികൃതര്‍ ഇന്ത്യയിലേക്ക് തന്നെ തിരിച്ചയച്ചു. കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ഉത്പാദനം കൂട്ടാനുമായി കര്‍ഷകര്‍ വന്‍തോതില്‍ രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചതാണ് നിയന്ത്രണങ്ങള്‍ക്ക് കാരണമായത്. സൗദിയിലെ ആവര്‍ത്തിച്ചുള്ള പരിശോധനയില്‍ അനുവദനീയമായതിന്റെ ആറിരട്ടിവരെ രാസവസ്തുക്കള്‍ കണ്ടെത്തിയിരുന്നു.

