ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അവാമി ലീഗ് നേതാവായ ഹസീന ഇത് മൂന്നാം വട്ടമാണ് പ്രധാനമന്ത്രിയാകുന്നത്. ഹസീനക്കൊപ്പം 48 മന്ത്രിമാരും പ്രസിഡന്റ് അബ്ദുല്‍ ഹമീദിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.
ജനുവരി അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് അടുത്ത അഞ്ചു വര്‍ഷത്തേക്ക് കൂടി ഹസീന അധികാരം നിലനിര്‍ത്തിയത്. എന്നാല്‍, അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങളും കുറഞ്ഞ പോളിംഗ് ശതമാനവും പ്രതിപക്ഷ ബഹിഷ്കരണവും നിറം കെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഭൂരിപക്ഷം സീറ്റുകളിലും തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ എതിരില്ലാതെ അവാമി ലീഗിന്റെയും സഖ്യകക്ഷികളുടേയും സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു.
1971-ല്‍ ബംഗ്ലാദേശ് നിലവില്‍ വന്നതിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും രക്തരൂഷിതമായിരുന്ന ഒന്നായിരുന്നു ഇത്തവണത്തേത്. തെരഞ്ഞെടുപ്പ് ദിവസം മാത്രം 18 പേരാണ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. ഹസീന രാജിവെച്ച് നിഷ്പക്ഷ കാവല്‍ മന്ത്രിസഭയുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ദേശീയവാദി പാര്‍ട്ടി (ബി.എന്‍.പി) നേതാവ് ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം തുടര്‍ച്ചയായി ബന്ദുകളും പ്രകടനങ്ങളും നടത്തിയിരുന്നു.
എന്നാല്‍, ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹസീന തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകുകയായിരുന്നു. അതേസമയം, പ്രതിപക്ഷം സഹകരിക്കുകയാണെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ അവര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
1996 മുതല്‍ 2001 വരെയുള്ള കാലയളവിലും ഹസീന ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ആയിരുന്നു.