Skip to main content
ധാക്ക

bnp office

 

അടുത്ത മാസം നിശ്ചയിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന്‍ (ഞായറാഴ്ച) പ്രഖ്യാപിച്ച റാലിയുടെ മുന്നോടിയായി ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക കനത്ത സുരക്ഷാ വലയത്തില്‍. മുഖ്യപ്രതിപക്ഷമായ ബി.എന്‍.പിയുടെ ആസ്ഥാനം നൂറുകണക്കിന് പോലീസുകാര്‍ വളഞ്ഞിരിക്കുകയാണ്. 650-ല്‍ അധികം പേരെ വെള്ളിയാഴ്ച മുതല്‍ പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് സ്വതന്ത്ര കാവല്‍ മന്ത്രിസഭയുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇല്ലെങ്കില്‍ ജനുവരി അഞ്ചിന് നിശ്ചയിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.

 

ആവശ്യം നിരാകരിച്ച ഹസീന തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. ഹസീനയുടെ അവാമി ലീഗിന്റേയും സഖ്യകക്ഷികളുടേയും സ്ഥാനാര്‍ഥികള്‍ 300-ല്‍ 154 സീറ്റില്‍ എതിരില്ലാത്തതിനാല്‍ വിജയിച്ച് കഴിഞ്ഞു.

 

റാലി സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് പോലീസുകാര്‍ക്കൊപ്പം സൈന്യത്തേയും നിരോധനം നടപ്പില്‍ വരുത്തുന്നതിനായി വിന്യസിച്ചിട്ടുണ്ട്. ബി.എന്‍.പി നേതാവ് ഖാലിദ സിയായുടെ വീടും പോലീസ് വളഞ്ഞിട്ടുണ്ട്.

 

തെരഞ്ഞെടുപ്പും ബി.എന്‍.പി സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്ക് നേരെയുള്ള 1971-ലെ ബംഗ്ലാദേശ് വിമോചനസമരത്തിലെ യുദ്ധക്കുറ്റ വിചാരണയുമായി ബന്ധപ്പെട്ടും രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളില്‍ ഒക്ടോബറിനു ശേഷം 150-ല്‍ അധികം പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. ജമാഅത്തെ ഇസ്ലാമിയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags