Skip to main content
ജുബ

 

വിവിധ സേനാ വിഭാഗങ്ങള്‍ തമ്മില്‍ സംഘട്ടനം നടക്കുന്ന ദക്ഷിണ സുഡാനില്‍ യു.എന്‍ സമാധാന സേനയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ മൂന്ന്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ജോങ്ങ്ലെ സംസ്ഥാനത്തെ യു.എന്‍ കാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഇന്ത്യയുടെ യു.എന്‍ സ്ഥാനപതി അശോക്‌ മുഖര്‍ജി ഐക്യരാഷ്ട്രസഭയെ അറിയിച്ചു.

 

കഴിഞ്ഞ ഞായറാഴ്ച മുതല്‍ ദക്ഷിണ സുഡാനില്‍ നടക്കുന്ന അക്രമങ്ങളില്‍ കൊല്ലപ്പെടുന്ന ആദ്യ യു.എന്‍ ഉദ്യോഗസ്ഥരാണ് ഇന്ത്യന്‍ സൈനികര്‍. പാകിസ്ഥാന്റെ യു.എന്‍ സ്ഥാനപതി മസൂദ് ഖാന്റെ അഭ്യര്‍ഥന പ്രകാരം യു.എന്‍ യോഗത്തില്‍ നയതന്ത്ര പ്രതിനിധികള്‍ ഒരു സൈനികരുടെ സ്മരണയില്‍ ഒരു നിമിഷം മൗനമാചരിച്ചു.  

 

ദക്ഷിണ സുഡാനില്‍ കഴിഞ്ഞ ഏപ്രിലില്‍ നടന്ന കലാപങ്ങളില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. യു.എന്‍ സമാധാന സേനയുടെ ഭാഗമായിരിക്കെ ഏറ്റവും കൂടുതല്‍ സൈനികരെ നഷ്ടമായ രാജ്യമാണ് ഇന്ത്യ.

 

പ്രസിഡന്റ് സല്‍വ കിറിനെയും മുന്‍ വൈസ് പ്രസിഡന്റ് റിക്ക് മച്ചറിനെയും അനുകൂലിക്കുന്ന സേനാവിഭാഗങ്ങള്‍ ആണ് പരസ്പരം ഏറ്റുമുട്ടുന്നത്. അക്രമങ്ങളില്‍ അഞ്ഞൂറിലധികം പേർ കൊല്ലപ്പെടുകയും എണ്ണൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി കഴിഞ്ഞ ദിവസം യു.എന്‍ അറിയിച്ചിരുന്നു. 15,000-ത്തിനും 20,000-ത്തിനും ഇടയില്‍ ആളുകള്‍ ജുബയിലെ യു.എന്‍ പരിസരത്ത് അഭയം തേടിയിരിക്കുകയാണ്.

 

തലസ്ഥാനമായ ജൂബയില്‍ ആരംഭിച്ച സംഘട്ടനങ്ങള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ആദ്യം അറിയിച്ച സര്‍ക്കാര്‍ പിന്നീട് ബോര്‍ സംസ്ഥാനത്തിന്റെ നിയന്ത്രണം തങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്ന് സമ്മതിച്ചു. ദക്ഷിണ സുഡാനിലെ ഏറ്റവും വലുതും ജനസംഖ്യയുള്ളതുമാമായ സംസ്ഥാനമാണ് ബോര്‍.

 

രൂപം കൊണ്ട് മൂന്ന്‍ വര്‍ഷത്തിനുള്ളില്‍ വംശീയ സംഘര്‍ഷം ദക്ഷിണ സുഡാന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുകയാണ്. സല്‍വ കിറിന്റെ ദിന്‍ക ഗോത്രത്തില്‍ പെടുന്നവരും റിക്ക് മച്ചറിന്റെ ന്യൂയര്‍ ഗോത്രത്തില്‍ പെടുന്നവരും തമ്മിലാണ് സംഘര്‍ഷം നടക്കുന്നത്.