Skip to main content
ബാങ്കോക്ക്

തായ്‌ലന്റില്‍ പ്രധാനമന്ത്രി യിങ്‌ലക് ഷിനവത്രയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധക്കാരെ പിരിച്ചു വിടാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ക്കിടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടു ദിവസത്തിനകം പ്രധാനമന്ത്രി അധികാരമൊഴിയണമെന്ന് പ്രക്ഷോഭകാരികള്‍ മുന്നറിയിപ്പ് നല്‍കി. അഴിമതി നിറഞ്ഞ സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒന്നേമുക്കാല്‍ ലക്ഷത്തോളം പേരാണ് പ്രക്ഷോഭം നടത്തുന്നത്.

 

ഞായറാഴ്ച പൊലീസ് ആസ്ഥാന മന്ദിരത്തിലെത്തെിയ പ്രധാനമന്ത്രി ഷിനവത്ര പ്രക്ഷോഭകര്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് രക്ഷപ്പെട്ടു. ഷിനവത്രയുടെ ഭരണം നിയന്ത്രിക്കുന്നത് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍നേതാവ് തസ്‌കിന്‍ ഷിനവത്രയാണെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. ഇവരെ അനുകൂലിക്കുന്ന 70000-ത്തോളം പേർ പ്രക്ഷോഭകരെ നേരിടാൻ തെരുവുകളിലേക്ക് ഇറങ്ങിയതാണ് രൂക്ഷമായ ഏറ്റുമുട്ടലിന് ഇടയാക്കിയത്.

 

പ്രധാനമന്ത്രിയുമായി ഒരു ചര്‍ച്ചയ്‌ക്കോ അനുരഞ്ജനത്തിനോ ഇല്ലെന്നും രണ്ടു ദിവസത്തിനകം അധികാരമൊഴിയണമെന്നും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന സുതെപ് തൗഗ്‌സുബാന്‍ വ്യക്തമാക്കി. അജ്ഞാത കേന്ദ്രത്തില്‍ കഴിയുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുതെപ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഒരാഴ്ചയായി തുടരുന്ന പ്രതിഷേധത്തിനിടെ ആദ്യമായാണ് വെടിവെപ്പ് നടക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, ടിവി കേന്ദ്രങ്ങള്‍, പൊലീസ് ആസ്ഥാനങ്ങള്‍ തുടങ്ങി എട്ടോളം സ്ഥലങ്ങള്‍ പ്രതിഷേധക്കാര്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാജ്യത്തെ ടെലികോം ആസ്ഥാനങ്ങളും പ്രക്ഷോഭകാരികള്‍ വളഞ്ഞു. തിങ്കളാഴ്ച മുതല്‍ രാജ്യത്തെ 10 സര്‍ക്കാര്‍ സ്ഥാപനങ്ങളും ആറു ടെലിവിഷന്‍ സ്‌റ്റേഷനുകളും പൊലീസ് ആസ്ഥാനവും പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.