Skip to main content
ലണ്ടന്‍

സിറിയക്കെതിരെയുള്ള ബ്രിട്ടിഷ് സൈനിക നടപടി പാര്‍ലിമെന്റ് വിലക്കി. പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് ഇതുസംബന്ധിച്ച പ്രമേയം 13 വോട്ടിന് പരാജയപ്പെട്ടു.

 

ഭരണപക്ഷത്തെ 30 ടോറി അംഗങ്ങളും ഒന്‍പത് ലിബറല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി അംഗങ്ങളും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്നതോടെ 272 പേര്‍ അനുകൂലിച്ച പ്രമേയത്തെ എതിര്‍ക്കുന്നവരുടെ എണ്ണം 285 ആയി.

 

സര്‍ക്കാര്‍ പാര്‍ലിമെന്റ് തീരുമാനത്തെ ബഹുമാനിക്കുമെന്ന് പ്രധാനമന്ത്രി കാമറൂണ്‍ പറഞ്ഞു. യുദ്ധം പ്രഖ്യാപിക്കാനുള്ള രാജ്ഞിയുടെ അധികാരം ഉപയോഗിക്കില്ലെന്ന് കാമറൂണ്‍ ഉറപ്പ് നല്‍കി. ഇതോടെ രാസായുധ പ്രയോഗത്തെ ചൊല്ലി സിറിയയെ ആക്രമിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നീക്കത്തില്‍ ബ്രിട്ടിഷ് സൈനിക പങ്കാളിത്തത്തിനുള്ള സാധ്യത മങ്ങി.

 

അതേസമയം, ചൊവാഴ്ച റഷ്യയില്‍ ആരംഭിക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്‍പ് സിറിയക്കെതിരെ ആക്രമണം തുടങ്ങാനാണ് യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പദ്ധതിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാരാന്ത്യത്തില്‍ യു.എസ് ഒറ്റക്ക് ആക്രമണം തുടങ്ങുമെന്ന് ന്യൂയോര്‍ക്ക്‌ ടൈംസ് വ്യാഴാഴ്ച രാത്രി റിപ്പോര്‍ട്ട് ചെയ്തു.

 

സിറിയയിലെ യു.എന്‍ ആയുധ പരിശോധകര്‍ വെള്ളിയാഴ്ച രാത്രിയോടെ പരിശോധന അവസാനിപ്പിക്കും. 24 മണിക്കൂറിനുള്ളില്‍ ഇവര്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.