Skip to main content
കെയ്റോ

ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് ഉന്നത നേതാവ് മുഹമ്മദ്‌ ബാദിയെ ഇടക്കാല സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. വടക്കന്‍ കെയ്റോയില്‍ നിന്നാണ് 70കാരനായ ബാദിയെ അറസ്റ്റ് ചെയ്തത്.  അറസ്റ്റിലായ ബാദിയുടെ ചിത്രം സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകളിലൂടെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

 

അക്രമത്തിനും കൊലപാതകത്തിനും പ്രേരണ നല്‍കിയെന്ന കുറ്റമാണ് ബാദിക്കു മേല്‍ ചുമത്തിയിട്ടുള്ളത്.  തോക്കേന്തിയ സൈനികന്റെ കാവലില്‍ ഇരിക്കുന്ന ഇദ്ദേഹത്തിന്റെ ചിത്രമാണ് ഭരണകൂടം പുറത്തു വിട്ടിരിക്കുന്നത്. മുന്‍ പ്രസിഡന്റ് മുര്‍സിയെ പുറത്താക്കിയതു മുതല്‍ തുടങ്ങിയ സമരത്തില്‍ ബാദിയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.

 

ബാദിയെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മുസ്ലിം ബ്രദര്‍ഹൂഡ് മഹ്‌മൂദ് ഇസാത്തിനെ പുതിയ നേതാവായി തിരഞ്ഞെടുത്തു.

 

അതേസമയം മുന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറകിനെ ഉടന്‍ ജയില്‍ മോചിതനായേക്കും. വിചാരണ നടന്നുകൊണ്ടിരിക്കുന്ന അഴിമതിക്കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ട് കയ്റോ കോടതിയുടെ വിധി വന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഔദ്യോഗിക നിയമനടപടികള്‍ ബാക്കി നില്‍ക്കുന്നതിനാല്‍ രണ്ടാഴ്ചക്കുള്ളില്‍ അദ്ദേഹം ജയില്‍മോചിതനാവുമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.

 

2011-ല്‍ നടന്ന ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ഹുസ്നി മുബാറക്ക്‌ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിവാക്കപ്പെട്ടത്. 88വയസ്സായ ഇദ്ദേഹത്തെ അറബ് വസന്തവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരെ കൊല്ലപ്പെടുത്തിയതുള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മുബാറക്കിനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ഈ കേസില്‍ പുനര്‍വിചാരണ നടക്കുകയാണ്.

 

ഈജിപ്തില്‍ ചൊവ്വാഴ്ചയുണ്ടായ പ്രക്ഷോഭത്തില്‍ 24പോലീസുകാരും 36പ്രക്ഷോഭകരും കൊല്ലപ്പെട്ടു. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥ തുടരുകയാണ്.