Skip to main content
ധാക്ക

ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്‌ലാമിയുടെ തലവനായിരുന്ന ഗുലാം അസാമിന് ബംഗ്ലാദേശ് കോടതി 90 വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചു. 90 വയസ്സായ അസാമിന് വധശിക്ഷ ലഭിക്കേണ്ട കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടും പ്രായക്കൂടുതല്‍ പരിഗണിച്ചാണ് തടവ് ശിക്ഷയാക്കി ചുരുക്കിയത്.

 

1971-ല്‍ പാകിസ്താനെതിരായ സ്വാതന്ത്ര്യസമരകാലത്ത് നടത്തിയ യുദ്ധക്കുറ്റങ്ങളില്‍ പ്രതിയാണ് അസാം. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെയാണ് പാകിസ്ഥാന്‍ പട്ടാളം ആക്രമണം നടത്തിയത്. നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്‌ലറുമായാണ് പ്രോസിക്യൂട്ടര്‍ അസാമിനെ ഉപമിച്ചത്.

 

ആസൂത്രണം, ഗൂഢാലോചന, പ്രേരണ, കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവല്‍, കൊലപാതകം, പീഡനം എന്നീ കുറ്റങ്ങളാണ് കോടതി അസാമിനെതിരെ ചുമത്തിയിരുന്നത്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, പ്രൊഫസര്‍മാര്‍, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരെ തിരഞ്ഞുപിടിച്ച് കൊന്നുകളഞ്ഞതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അസാമാണെന്ന് കോടതി കണ്ടെത്തി. വിധിയ്‌ക്കെതിരെ ജമാ അത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ പ്രക്ഷോഭം സംഘടിപ്പിച്ചു.