Skip to main content

mers virus

 

മെര്‍സ് കൊറോണ വൈറസിനെതിരെ ജാഗ്രത പുലര്‍ത്താന്‍ സൗദി ആരോഗ്യ മന്ത്രാലയം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു .രണ്ട് പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ ഇപ്പോള്‍ 107 ആയി. പുതുതായി 16 പേരില്‍ കൂടി രോഗബാധ കണ്ടെത്തിയതായും സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 361 ആയി.

 

താബൂക്കിലും റിയാദിലുമാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്. സൗദിയിലും ഖത്തറിലുമാണ് കൊറോണ വൈറസ് ബാധ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യു.എ.ഇയില്‍ പുതുതായി രോഗം കണ്ടെത്തിയവരെല്ലാം ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. പ്രതിരോധമരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ഈ രോഗം ആരോഗ്യപ്രവര്‍ത്തകരെയും ബാധിക്കുന്നു. കകൂടുതലും അന്‍പത് വയസ്സിന് മുകളിലുളളവര്‍ക്കാണ് മെര്‍സ് രോഗം ബാധിക്കുന്നതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പ് വ്യക്തമാക്കുന്നു.

 

മിഡില്‍ ഈസ്റ്റ് റെസ്പിറേറ്റെറി സിന്‍ഡ്രോം എന്ന പേരിലാണ് ഈ രോഗം അറിയപ്പെടുന്നത്. മനുഷ്യനിലും മൃഗങ്ങളിലും ഒരുപോലെ ബാധിക്കുന്ന മാരക വൈറസാണ് മെര്‍സ്. ഇതിന് ഇതുവരെ പ്രതിവിധി കണ്ടെത്തിയിട്ടില്ല. കുത്തിവയ്പുമില്ല. ചുമ, പനി, ന്യൂമോണിയ, ശ്വാസതടസ്സം, ഛര്‍ദ്ദി, അതിസാരം, വൃക്ക തകരാര്‍ എന്നിവയാണ് മെര്‍സിന്റെ ലക്ഷണങ്ങള്‍. രോഗികളുമായി നേരിട്ട് ഇടപെഴകാതിരിക്കുക, രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുള്ളി ദേഹത്ത് വീഴാതിരിക്കുക, രോഗിയുടെ മൂക്ക്, വായ, കണ്ണുകള്‍ എന്നിവ സ്പര്‍ശിച്ച വസ്തുക്കള്‍ തൊടാതിരിക്കുക എന്നിവ രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.