മഞ്ഞില്‍ വിരിയുന്ന കാഴ്ചകള്‍

മഞ്ജു
Friday, December 27, 2013 - 4:45pm

winter in delhi

 

അസ്ഥി മരവിപ്പിക്കുന്ന തണുപ്പിൽ വിറങ്ങലിച്ചു നിൽപ്പാണ് ഉത്തരേന്ത്യ. ദില്ലിയുടെ അവസ്ഥയും ഒട്ടും വ്യത്യസ്തമല്ല. കാഴ്ചയെ മറക്കുന്ന മഞ്ഞ് തൽക്കാലത്തേക്ക് പിന്മാറിയിരിക്കുന്നു. തണുപ്പ് കൂടുതലാണെങ്കിലും തെളിഞ്ഞ അന്തരീക്ഷം. രാഷ്ട്രീയ കാലാവസ്ഥയും ഏതാണ്ടതുപോലെ തന്നെ. അവ്യക്തതയും ആശങ്കകളും നിറഞ്ഞ ഒരു വാരം ഓടിത്തീർന്നിരിക്കുന്നു. ആവശ്യത്തിലധികം വിഷയങ്ങളുണ്ടായിട്ടും ദില്ലിയുടെ പ്രതികരണം അങ്കിൾ സാമിന്റെ സ്ഥാനപതി കാര്യലയത്തിന് മുന്നിലെ ചില്ലറ പ്രതിഷേധങ്ങളിലും പതിവ് ചാനൽ ചർച്ചകളിലുമായി ഒതുങ്ങി. ഒരുമിച്ചു ഒരേ മനസോടെ പ്രതികരിക്കാനൊരു വിഷയം പോലുമില്ലാതായി. രണ്ടു വർഷം മുൻപ് നിന്നിടത്തു നിന്നും ഏറെ വ്യതിചലിച്ചിരിക്കുന്നു അഴിമതിക്കെതിരായ കുരിശുയുദ്ധം. ആവേശത്തോടെ തുടങ്ങിയ തെരഞ്ഞെടുപ്പു മാമാങ്കം പാതിവഴിയിൽ ആവേശം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. എന്തായാലും കളിയവസാനിപ്പിച്ച് കാര്യത്തിലേക്ക് അടുത്തു എന്നു പറയാം. പക്ഷെ, ഈ ഭരണമാറ്റം ഗുണകരമാകുമോ? കാത്തിരുന്നു കാണാം.

 

അടുത്ത ഒരുമാസക്കാലം അതിശൈത്യത്തിന്റെ പിടിയിലാകുന്ന വടക്കേ ഇന്ത്യക്കാർ അതിനെ സ്വീകരിക്കുന്നത് വിവിധ ഭാവങ്ങളിലാണ്. തണുപ്പിനെ കുറിച്ചുള്ള ചർച്ചകളിലും പ്രതികരണങ്ങളിലും സാമ്പത്തിക  ഉച്ചനീചത്വങ്ങൾ പ്രതിഫലിക്കുന്നതിന്റെ രഹസ്യമെന്താവും? പഞ്ഞക്കർക്കിടകത്തെ കുറിച്ചു ആവശ്യത്തിലധികം അയവിറക്കുന്ന സാഹിത്യസൃഷ്ടികളും ചലച്ചിത്രങ്ങളും കണ്ടു ശീലിച്ച മലയാളത്തിന് അതിൽ പുതുമയൊന്നും തോന്നാനിടയില്ല എന്നത് കട്ടായം.

 

ദില്ലിയുടെ വോട്ടുബാങ്കെന്നു വിളിക്കാവുന്ന ചേരിപ്രദേശങ്ങളിലെ പതിവ് ശൈത്യകാല കാഴ്ചകളില്‍ ഒന്നാണ് വർഷങ്ങളുടെ അഴുക്കുപുരണ്ട, പിഞ്ഞി തുടങ്ങിയ രജായി അല്ലെങ്കിൽ കമ്പിളി പുതച്ചു കൂനിക്കൂടിയിരുന്നു ബീഡിപ്പുകയിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്ന വൃദ്ധൻ. ആ കണ്ണുകളിലെ നിസ്സംഗതയ്ക്കടിയിൽ ഏറെ കാര്യങ്ങള്‍ അടഞ്ഞു കിടപ്പുണ്ട്. ചേരിയിൽ തുടങ്ങി ചേരിയിൽ അവസാനിക്കുന്ന ആ ജീവിതത്തെ,  അതനുശാസിക്കുന്ന എല്ലാ ചിട്ടവട്ടങ്ങളോടെയും ആടിത്തീർത്തതിന്റെ കഥകൾ. കടുത്ത തണുപ്പിൽ ആകെ മൂടിപ്പുതച്ചു യാത്രക്കാരനെയും പ്രതീക്ഷിച്ചിരിക്കുന്ന ആട്ടോവാലയോട് "ഠണ്ട് കൈസാ ഹൈ ഭയ്യാ?" (തണുപ്പെങ്ങനെ?) എന്നു കുശലം ചോദിച്ചാൽ ആ മുഖം പ്രകാശിക്കും, ഒരു നിമിഷത്തെക്കുമാത്രം. പിന്നെ പറയും, "ബഹുത് സ്യാദാ ഹൈ, ജീനാ മുശ്കിൽ ഹോ ഗയാ" (അസഹ്യമാണ്‌ തണുപ്പ്, ജീവിതം പ്രയാസകരം തന്നെ). വഴിയരികിലെ നിലക്കടല കച്ചവടക്കാരനും പച്ചക്കറിക്കാരനുമെല്ലാം ഒരേ മുഖം, ഒരേ പ്രതികരണം. ഈ ഉന്തുവണ്ടിയിലെ നിലക്കടലയും സൂപ്പുമൊക്കെയാണ് തണുപ്പു കാലത്തിന്റെ വരവറിയിക്കുന്നത്.

 

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നു എന്നു സ്വയം വിശ്വസിക്കുന്ന മധ്യവർഗ സമൂഹത്തിന്റെ പ്രതിനിധിയോടാണ് ഇതേ ചോദ്യമെങ്കിൽ ഉത്തരം ഏതാണ്ട് ഇങ്ങനെ ആകും: "അരെ യാർ ഠണ്ട് ഹി ഠണ്ട് ഹൈ, ലൈഫ് ബോറിംഗ് ഹോ ചുകാ ഹൈ. കുച്ച് ഭി കർനെ കേലിയെ മൂഡ്‌ നഹി ഹൈ". (എന്തുപറയാനാണെടോ, തണുപ്പ് തന്നെ തണുപ്പ്. ജീവിതം ബോറടിക്കുന്നു. ഒന്നും ചെയ്യാൻ തോന്നുന്നില്ല). ഇനിയൊരു വിഭാഗം കൂടി ഉൾപെട്ടാലെ ഈ സർവേ പൂർത്തിയാകൂ. മറ്റാരുമല്ല, ഉന്നതശ്രേണിക്കാർ. "മൌസം ബഹുത് അച്ചാ ഹൈ. really beautiful, ഐ ലവ് winter" (വളരെ നല്ല കാലാവസ്ഥ, എനിക്കിഷ്ടമാണ് തണുപ്പുകാലം).  തണുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പുകളിലും ഇതേ വ്യത്യാസം കാണും. കാശില്ലെങ്കിൽ കപ്പലണ്ടി, അല്ലെങ്കിൽ അണ്ടിപരിപ്പ് മുതൽ ബദാം, അപ്രികോട്ട് ... അങ്ങനെ നീളും ലിസ്റ്റ്.

 

ഇതിനിടയിൽ മറ്റൊരു കാഴ്ച കൂടി പങ്കുവയ്ക്കാം. തണുപ്പകറ്റാൻ ചുള്ളിക്കമ്പും മറ്റും കൂട്ടി തീ കായുന്നവർക്കിടയിലേക്ക് ചെന്നാലോ, എത്ര അപരിചിതനെങ്കിലും നിങ്ങള്‍ സ്വീകരിക്കപ്പെടുക തന്നെ ചെയ്യും. യാതൊരു വിധ ഉച്ചനീചത്വവുമില്ലാതെ. അല്ലെങ്കിലും എല്ലാത്തിനേയും ശുദ്ധീകരിക്കുന്ന അഗ്നിക്കെന്തിനോടാണ് തൊട്ടുകൂടായ്മയുള്ളത്?!

Tags: