Skip to main content
The Hindu

ഹിന്ദു, വാർത്ത മുക്കി; പെയിഡ് ന്യൂസിൻ്റെ വിവരം എഡിറ്റർ വിശദമാക്കണം

 

ദേശീയപ്രാധാന്യവും അന്തർദേശീയ മാനവുമുള്ള വാർത്ത നേരിട്ടും രേഖാമൂലവും വ്യക്തമായിട്ടും ഹിന്ദു പത്രം അത് മുക്കി.  വർഗ്ഗീയതയും മതതീവ്രവാദവും സ്വർണ്ണക്കള്ളക്കടത്തും ഹവാലാ ഇടപാടും ശക്തമായ പശ്ചാത്തലമായി സംസ്ഥാനത്ത് നീറിപ്പുകയുന്ന രാഷ്ട്രീയാന്തരീക്ഷത്തെ നേരിടാൻ അധികാരവും വർഗ്ഗീയതയും ആധാരമാക്കി ഇന്ത്യയിലെ ഒരു സംസ്ഥാന മുഖ്യമന്ത്രി  ശ്രമിക്കുന്നുവെന്ന വാർത്തയാണ് ഹിന്ദു ബോധപൂർവ്വം മുക്കിയത്. അതാകട്ടെ ദില്ലിയിലെ ഒരു പി.ആർ. ഏങ്കൻസി വഴി . കെയ്സാൻ ഏജൻസി വർഗ്ഗീയതയെ ലക്ഷ്യമാക്കി തങ്ങൾക്ക് എഴുതി നൽകിയ രേഖ പത്രത്തിൻ്റെ കൈവശമുള്ള രേഖയാണ്.
            പി.ആർ. ഏജൻസി തങ്ങളെ സമീപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭിമുഖം ഏർപ്പാടാക്കിയതെന്നും പത്രം പറയുന്നു. പി. ആർ. ഏജൻസിയുടെ രണ്ടു പ്രതിനിധികളും മുഖ്യമന്ത്രിയുമായുള്ള അഭിമുഖ സമയത്ത് ഈ ജേർണലിസ്റ്റിനൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ താൽപ്പര്യമാണ് ഹിന്ദുവിൽ വാർത്തയായി വന്നത്. 
             ആ വാർത്ത കേരളത്തിൽ ഇതിനകം സൃഷ്ടിച്ച കോലാഹലം നാം കണ്ടു. മുഖ്യമന്ത്രിയുടെ അറിവില്ലാതെയാണ് ആ ഏജൻസി ദേശവിരുദ്ധ പ്രവൃത്തികളെ വർഗ്ഗീയതയുമായി ബന്ധിപ്പിച്ച് കുറിപ്പു കൊടുത്തതെങ്കിൽ ആ ഏജൻസിക്കെതിരെ ദേശവിരുദ്ധ പ്രവൃത്തിക്ക് നടപടി സ്വീകരിക്കേണ്ടതാണ്. വിശേഷിച്ചും വർഗ്ഗീയലഹള വന്നാൽ അത്ര സുഖമുള്ളതായിരിക്കില്ല എന്ന പി.വി. അൻവർ എം.എൽ. എ യുടെ വാക്കുകൾ കേരളാന്തരീക്ഷത്തിൽ അലയൊലി കൊള്ളുന്ന അവസരത്തിൽ. ഇത്രയും പ്രാധാന്യമുള്ള വാർത്ത മനസ്സിലാകാതിരിക്കണമെങ്കിൽ അത് ബോധപൂർവ്വമല്ലാതെ പറ്റില്ല.
           ഇതാണ് യഥാർത്ഥ പെയ്ഡ് ന്യൂസ്. ഒന്നുകിൽ ഹിന്ദു പത്രത്തിൻ്റെ ദില്ലി ബ്യൂറോ ചീഫ് അറിഞ്ഞുകൊണ്ട്. അല്ലെങ്കിൽ ബ്യൂറോ ചീഫ് അറിയാതെ റിപ്പോർട്ടറും പി.ആർ. ഏജൻസിക്കാരും ചേർന്ന് നടത്തിയത്. രണ്ടായാലും ഏജൻസിക്കാരും ഹിന്ദു പ്രതിനിധിയായും തമ്മിലുണ്ടായ രഹസ്യ ഏർപ്പാട്. ഈ ഏർപ്പാട് ചൂണ്ടിക്കാട്ടിയാണ് പി.ആർ. ഏജൻസി കക്ഷികളിൽ നിന്നും കോടികൾ ഫീസായി ഈടാക്കുന്നത്. ഇവിടെ കക്ഷി സംസ്ഥാന സർക്കാരാണോ അതോ സ്വകാര്യമാണോ എന്ന് വ്യക്തമല്ല. സർക്കാരാണ് കക്ഷിയെങ്കിൽ ഈ ദേശവിരുദ്ധതയ്ക്ക് നമ്മുടെ നികുതിപ്പണം ചെലവഴിക്കപ്പെടുന്നു. സ്വകാര്യമാണെങ്കിൽ കള്ളപ്പണം . പ്രഥമദൃഷ്ട്യാ ദേശവിരുദ്ധ പ്രവൃത്തി. 
           ശമ്പളത്തിനു പുറമേ ഇവ്വിധം പണം പറ്റി വാർത്ത സൃഷ്ടിച്ച ജേർണലിസ്റ്റിനെ സ്ഥാപനത്തിൽ നിന്ന് ഹിന്ദു പത്രം പുറത്താക്കുകയും നിയമനടപടികൾ സ്വീകരിക്കേണ്ടതുമാണ്. മതനാമം പേറുന്ന ഹിന്ദു പത്രത്തിന് മതസ്മൃതി ലേശം പോലും ഉയർത്താത്ത വിധം വിശ്വാസ്യത നേടിയതിൻ്റെ ഉദാഹരണമാണ് ആ പത്രത്തിനുള്ള മലപ്പുറം ജില്ലയിലെ വൻ  പ്രചാരം.  ആ വിശ്വാസ്യതയാണ് ഈ ഒരൊറ്റ പെയ്ഡ് ന്യൂസിലൂടെ കേരളത്തിൽ തകർന്നത്. വാർത്തയ്ക്ക് വിലയായി നൽകിയത് കാറാണോ, വിദേശയാത്രയാണോ അതോ തുക തന്നെയാണോ എന്നറിയാനും ഏവർക്കും താൽപ്പര്യമുണ്ട്. ഹിന്ദു എഡിറ്ററുടെ വിശദീകരണവും നടപടികളും നോക്കാം. അതിൻ്റെ അഭാവമുണ്ടാകുന്ന പക്ഷം ഇന്ത്യയിൽ അവശേഷിച്ച മാധ്യമവിശ്വാസ്യതയും കൂടിയാണ് ഇല്ലാതാകുന്നത്.