Skip to main content

ബംഗ്ലാദേശ് ഇസ്ലാമിക രാഷ്ട്രത്തിലേക്ക് നീങ്ങുന്നു

Yes

 

ബംഗ്ലാദേശിൽ ഇടക്കാല ഗവൺമെന്റിന്റെ മുഖ്യ അജണ്ടകളിൽ ഒന്ന് തെരഞ്ഞെടുപ്പ് സാധ്യമാക്കി സർക്കാരിനെ കൊണ്ടുവരിക എന്നതാണെന്ന് പ്രഖ്യാപിക്കപ്പെട്ടതെങ്കിലും അത്  സമീപഭാവിയിൽ സംഭവിക്കുമെന്ന് കരുതുന്ന സൂചനകൾ അല്ല അവിടെ നിന്ന് ഉണ്ടാകുന്നത്.ബംഗ്ലാദേശിനെ ഒരു ഇസ്ലാമിക് രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള എല്ലാ ശ്രമങ്ങളും ആണ് ഇപ്പോൾ അവിടെ നടക്കുന്നത്. ഡോ. മുഹമ്മദ് യൂനുസ് ഇപ്പോൾ തന്നെ നിസ്സഹായ അവസ്ഥ പ്രകടിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു.

     സൈന്യത്തിലും പോലീസിലും അതുപോലെതന്നെ നിർണായക സ്ഥാനങ്ങളിൽ എല്ലാം  പാകിസ്താന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി പിടി മുറുക്കി കഴിഞ്ഞു. അതിൻറെ ഫലമായിട്ടാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഹസീന ഗവൺമെൻറ് അട്ടിമറിക്കപ്പെട്ടത് ഷെയ്ക്ക് അസീനക്ക് ഇന്ത്യയിൽ അഭയം തേടി വന്നതും. ഷെയ്ക്ക് ഹസീനയുടെ സർക്കാർ അട്ടിമറിക്കപ്പെട്ട ഉടൻ തന്നെ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ടത് ഹിന്ദുക്കൾ ഉൾപ്പെടെ ന്യൂനപക്ഷത്തിനെതിരെയുള്ള വംശീയ നിർമാർജന ആക്രമണങ്ങളാണ്.അതോടൊപ്പം തന്നെ ബംഗ്ലാദേശിന്റെ സ്ഥാപക നേതാവായ മുജീബ് റഹ്മാന്റെ പ്രതിമ തകർക്കുകയും അവിടെ മതിലുകൾ ഉണ്ടായിരുന്ന അദ്ദേഹത്തിൻ്റെ മ്യൂറൽ പെയിൻറിങ് മായിച്ചു കളയുകയും  ചെയ്തു. ഇതിലൂടെ മുജീബ് റഹ്മാനെ ബംഗ്ലാദേശിന്റെ ചരിത്രത്തിൽ നിന്നും മായിച്ചു കളയുകയാണ്. 

     ബംഗ്ലാദേശിൽ ശരിയത്ത് നിയമം കൊണ്ടുവരണമെന്നത് വർഷങ്ങളായി ജമാഅത്തെ ഇസ്ലാമിയുടെ ആവശ്യമാണ്. വനിതകളുടെ ക്ഷേമത്തിനായി 2009 ൽ ഷെയ്ക്ക് ഹസീന കൊണ്ടുവരാൻ ശ്രമിച്ച നിയമനിർമ്മാണവും പദ്ധതിയും ജമാഅത്തെ ഇസ്ലാമിയുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. ശരിയത്ത് നിയമം നടപ്പിലാക്കി ബംഗ്ലാദേശിനെ ഇസ്ലാമിക രാഷ്ട്രം ആക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് മതപരമായ കാര്യങ്ങളിലുള്ള ഉപദേഷ്ടാവായി യൂനിസ് ഗവൺമെന്റിന്റെ ഗവൺമെന്റിൽ ഡോക്ടർ ഡോ. ഖാലിദ് ഹുസൈനെ  ഉൾപ്പെടുത്തിയിട്ടുള്ളത്. ഹഫസത്തേ ഇസ്ലാമിൻ്റെ വൈസ് പ്രസിഡണ്ടും ഇസ്ലാമിക് ആന്തോളൻ ബംഗ്ലാദേശ് പാർട്ടിയുടെ വിദ്യാഭ്യാസ ഉപദേഷ്ടാവുമാണ് ഇസ്ലാമിക പണ്ഡിതനായ ഡോ.  ഖാലിദ് ഹുസൈൻ. 

ബംഗ്ലാദേശിൽ അരങ്ങേറുന്നത്

ഇന്ത്യ വിരുദ്ധ മുന്നേറ്റം

 

 ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമവും കൊള്ളിവെപ്പും യഥാർത്ഥത്തിൽ ഇന്ത്യയ്ക്കെതിരെ നടക്കുന്ന ഹിംസാത്മകമുന്നേറ്റമാണ്. പ്രത്യക്ഷത്തിൽ ഷെയ്ക്ക് ഹസീന ഗവൺമെന്റിന്റെ അട്ടിമറിയുടെ പിന്നിൽ പാകിസ്ഥാനാണെന്ന് വ്യക്തമാണ്.എന്നാൽ പാകിസ്താന്റെ പിന്നിൽ ആരാണ് ഇതിനുവേണ്ടി ശക്തിയായി പ്രവർത്തിക്കുന്നത് എന്നുള്ളതിന്റെ കാര്യത്തിലാണ് രണ്ട് അഭിപ്രായങ്ങൾ പൊന്തിവരുന്നത്. 

      ബംഗ്ലാദേശിന്റെ അധീനതയിലുള്ള സെയിൻ്റ് മാർട്ടിൻ ദ്വീപ് വിട്ടു നൽകണമെന്നുള്ള അമേരിക്കയുടെ അഭ്യർത്ഥന നിരസിച്ചതാണ് തന്റെ ഗവൺമെന്റിനെ അട്ടിമറിക്കാൻ കാരണമായതെന്ന് ഷെയ്ഖ് ഹസീന വെളിപ്പെടുത്തിയിരിക്കുന്നു. അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ പ്രവർത്തന ചരിത്രം വെച്ചുനോക്കിയാൽ അത് വളരെ യുക്തിസഹമാണ്. കാരണം തങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ മറ്റൊരു രാഷ്ട്രത്തെ ചെറുതായി പോലും ഉയർന്നു വരാൻ അനുവദിക്കാതിരിക്കുക എന്നുള്ളതാണ് സിഐഎയുടെ മുഖ്യ ലക്ഷ്യം. കാരണം അവരുടെ ഡോളർ ഒരിക്കലും ദുർബലമാകാൻ പാടില്ല.

          അതോടൊപ്പം തന്നെ, ചൈനയാണോ പാകിസ്താന്റെ പിന്നിലുള്ളത് എന്ന സംശയവും ശക്തമാണ്. ബംഗ്ലാദേശിൽ അക്രമപ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി ഷേക്ക് ഹസീന ചൈന സന്ദർശിച്ചപ്പോൾ അവരെ കാണാൻ കൂട്ടാക്കാതെയും പ്രോട്ടോക്കോൾ പാലിക്കാതെ അപമാനിച്ചതും അന്താരാഷ്ട്ര ലോകം ശ്രദ്ധയോടെ വീക്ഷിച്ചതാണ്. ഷേക്ക് ഹസീനയ്ക്ക് അതിനാൽ ഒരു ദിവസം മുൻപ് സന്ദർശനം മതിയാക്കി നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. പിറ്റേ ദിവസം മുതലാണ് ബംഗ്ലാദേശിൽ വിദ്യാർത്ഥികളെ മുൻ നിർത്തിയുള്ള അക്രമപരമ്പര പൊട്ടിപ്പുറപ്പെടുന്നത്.  ഇതാണ് ചൈനയാണോ ഈ അട്ടിമറിയുടെ പിന്നിൽ പ്രവർത്തിച്ചതെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നത്. ബംഗ്ലാദേശിനെ ഉപയോഗിച്ച് ഇന്ത്യയെ ദുർബലപ്പെടുത്തുക എന്നത് അമേരിക്കയ്ക്കും ചൈനയ്ക്കും ഒരേ പോലെ ആവശ്യമായ ഘടകമാണ് . 


 

ബംഗ്ലാദേശിലെ അക്രമലക്ഷ്യം

 ഇന്ത്യയെ പ്രകോപിപ്പിക്കുക

 

ഇന്ത്യയെ ഏത് വിധേനയും പ്രകോപിപ്പിച്ച് ബംഗ്ലാദേശിൽ ഇടപെടീക്കുക എന്ന കെണി ഒരുക്കുന്നതിന്റെ ഭാഗമാണ് ഇപ്പോൾ അവിടെ ഹിന്ദുക്കൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്ക് എതിരെ അരങ്ങേറുന്ന വംശീയഹത്യ.  ആ കെണിയിൽ പെടാതെ കാര്യങ്ങൾ സശ്രദ്ധ വീക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുന്ന സമീപനമാണ് ഇപ്പോൾ ഇന്ത്യ വിജയകരമായി തുടരുന്നത്. അതിൻറെ ഭാഗമായി ബംഗ്ലാദേശും ആയി പങ്കിടുന്ന 4000 കിലോമീറ്റർ ദൂരത്തിലുള്ള അതിർത്തിക്കുള്ളിൽ 200 മീറ്ററിനകത്ത് ഇന്ത്യ നിശാനിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. അതാകട്ടെ ബംഗ്ലാദേശും ആയുള്ള അതിർത്തി കവാടങ്ങൾ പൂർണമായും അടച്ചുകൊണ്ട്. ഇന്ത്യ ബംഗ്ലാദേശിലെ ഇപ്പോഴത്തെ വംശീയയിൽ ഇടപെടുകയാണെങ്കിൽ അവിടെ ചിത്രം മാറുകയായി. അതാണ് ഷെയ്ക്ക് ഹസീനയെ താഴെ ഇറക്കിയ ശക്തികളുടെ ഉദ്ദേശ്യം. കാരണം ബംഗ്ലാദേശ് മാത്രമാണ് നിലവിൽ ഇന്ത്യയുടെ അയൽപക്കത്തുള്ള ഏക സൗഹൃദ രാഷ്ട്രം. ആ നില മാറുമ്പോൾ അതിൻറെ പിന്നിലാണ് തൽപര ശക്തികൾക്ക് അനായാസം തങ്ങളുടെ അജണ്ട നിർവഹിക്കാൻ സാധ്യമാവുക.


 

ഇന്ത്യാ  - ബംഗ്ലാദേശ് സമവാക്യം

 മാറിയാൽ ചരിത്രം വഴിതിരിയും

 

ഇന്ത്യയും ബംഗ്ലാദേശും രണ്ടു രാഷ്ട്രങ്ങൾ എന്ന നിലയിലുള്ള സൗഹൃദബന്ധത്തിൽ മാറ്റം വന്നാൽ ചരിത്രം മറ്റൊരു ദിശയിലേക്ക് നീങ്ങും. ഷെയ്ക്ക് ഹസീനയുടെ നേതൃത്വത്തിൽ കഴിഞ്ഞ 15 വർഷമായി വൻ പുരോഗതി ബംഗ്ലാദേശിൽ സംജാതമായിട്ടുണ്ട്. അവരുടെ ഇന്ത്യയുമായുള്ള നല്ല ബന്ധം ഒട്ടനവധി സംയുക്ത സംരംഭങ്ങളിലേക്കും നീങ്ങിയിരുന്നു. ബംഗ്ലാദേശിന്റെ ഉൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിലേക്ക്. അതോടൊപ്പം തന്നെ ബംഗ്ലാദേശിൽ ഈ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിന് ആവശ്യമായ അസംസ്കൃത സാധനങ്ങൾ  അവിടേക്ക് കയറ്റി അയക്കുന്നത് ഇന്ത്യയിൽ നിന്നും.ഇരു രാഷ്ട്രങ്ങൾക്കും ഗുണകരമായ ഈ വ്യാപാര ബന്ധം വളരെ ഊർജ്ജിതമായതോതിൽ കുതിക്കുന്ന അവസരത്തിലാണ് ഷെയ്ക്ക് ഹസീനാസർക്കാർ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.

        ഈ വ്യാപാര ബന്ധത്തിന്റെ സാധ്യത വർദ്ധിപ്പിക്കാനും പരമാവധി ലാഭകരമാക്കാനും ഉദ്ദേശിച്ചാണ് ത്രിപുരയെ ബംഗ്ലാദേശിലേക്ക് ബന്ധിപ്പിക്കുന്ന പാലം നിർമ്മിക്കപ്പെട്ടത്. അതിലൂടെ  1500 കിലോമീറ്ററിനു പകരം 70 കിലോമീറ്റർ ദൂരം താണ്ടി ഇന്ത്യയിൽ നിന്ന്  ബംഗ്ലാദേശിലേക്കും തിരിച്ചും ഗതാഗതം സാധ്യമായി. ഊർജ്ജരംഗത്തും വൻതോതിൽ ഉള്ള സഹായമാണ് ഇന്ത്യ ബംഗ്ലാദേശിന് നൽകിക്കൊണ്ടിരിക്കുന്നത്. 

 

        ഇന്ത്യയിലെ ടാറ്റ സൺസ് ,ഏഷ്യൻ പെയിന്റ്സ് തുടങ്ങിയിട്ടുള്ള പ്രമുഖ വ്യവസായ സ്ഥാപനങ്ങൾ ബംഗ്ലാദേശിൽ പ്രവർത്തിക്കുന്നുണ്ട് . ഇത്തരത്തിൽ വളരെ സുദൃഢമാക്കിയ വ്യാപാര - സാമ്പത്തികബന്ധങ്ങളും ഉഭയകക്ഷി ബന്ധവുമെല്ലാം ഈ രണ്ടു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദം ഇല്ലാതായാൽ  തകർക്കപ്പെടും. അതോടൊപ്പം ഇന്ത്യയ്ക്ക് ബംഗ്ലാദേശുമായുള്ള  4000 കിലോമീറ്റർ അതിർത്തി വളരെ നിർണായകമായി മാറുകയും പുത്തൻ സംഘർഷമേഖല രൂപപ്പെടുകയും ചെയ്യും.

 

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and email addresses turn into links automatically.
  • Lines and paragraphs break automatically.