പ്രകൃതി ദുരന്തം : ഹൈക്കോടതിയുടെ കേസെടുക്കൽ വിരൽ ചൂണ്ടുന്നത് കാരണത്തിലേക്ക്
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു .പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാൻ സർക്കാർ നയങ്ങളിൽ പുനഃ പരിശോധന ആവശ്യമുണ്ടെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ ജസ്റ്റിസ് വി. എം .ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ഹൈക്കോടതിയുടെ ഈ നടപടി പ്രകടമായി സൂചിപ്പിക്കുന്നത് ഇത്തരം ദുരന്തങ്ങൾക്ക് വഴിവയ്ക്കുന്നത് സർക്കാർ നിലപാടും നയങ്ങളുമാണ് എന്നുള്ളതാണ്. ഏതാനും വർഷങ്ങളായി കേരളത്തിൽ ഉണ്ടാകുന്ന പ്രളയമായാലും ഉരുൾപൊട്ടൽ ആയാലും മനുഷ്യനിർമ്മിതമായ ദുരന്തങ്ങളാണ് .എന്നാൽ ദുരന്തങ്ങൾ ഉണ്ടായി അധികം താമസിയാതെ തന്നെ വീണ്ടും ദുരന്തങ്ങളെ സൃഷ്ടിക്കുന്ന സമാന നടപടികളിലേക്ക് സർക്കാർ നീങ്ങുന്നു .പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ കാക്കാനുള്ള വശങ്ങൾ പരിഗണിക്കുന്നില്ല. മറിച്ച് വികസനം എന്ന ഏകമുഖ കാഴ്ചപ്പാട് മാത്രമാണ് സർക്കാർ പിന്തുടരുന്നത് . വികസനത്തെ ഉയർത്തി കാണിക്കുമ്പോൾ ജനങ്ങൾക്ക് അത് സ്വീകരിക്കേണ്ട അവസ്ഥയും വരുന്നു.
വയനാട് ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത അതേ ദിവസം തന്നെ ഹൈക്കോടതി മറ്റൊരു ഉത്തരവും പുറപ്പെടുവിച്ചു .കുത്തനെ ചെരിവുള്ള മലമേഖലകളിൽനിന്ന് മണ്ണെടുക്കുന്നത് തടഞ്ഞുകൊണ്ട് .തിരുവനന്തപുരം സ്വദേശി എസ് ഉണ്ണികൃഷ്ണൻ ഫയൽ ചെയ്ത കേസിലാണ് ചീഫ് ജസ്റ്റിസ് മുഹമ്മദ്മുഷ്താഖ് ജസ്റ്റിസ് മനു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.ചെരിവുള്ള കുന്നുകളിൽ നിന്ന് മണ്ണെടുക്കാൻ അനുമതി നൽകുന്നതാണ് മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പ്രശ്നം എന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെടുകയും ചെയ്തു . പ്രദേശത്ത് നടത്താവുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും എത്രമാത്രം ഭൂമിക്ക് അത് താങ്ങാനാകും എന്നതിനെക്കുറിച്ചും ഒരു പഠനവും നടത്തുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു .കോടതിയുടെ ഉത്കണ്ഠയിൽദുരന്തഭീതി ഒളിഞ്ഞിരിക്കുന്നത് വളരെ വ്യക്തമായി കാണാൻ കഴിയുന്നു.