പി ജെ കുര്യനിലൂടെ വളരാത്ത കേരളത്തെ കാണാം
വളർച്ചയില്ലാത്ത കേരളത്തെ കാണണമെങ്കിൽ മുൻ കേന്ദ്രമന്ത്രിയും രാജ്യസഭ ഡെപ്യൂട്ടി സ്പീക്കറും ഒക്കെയായിരുന്ന പിജെ കുര്യനിലേക്ക് നോക്കിയാൽ മതി. അദ്ദേഹം എസ്എഫ്ഐയുടെ അക്രമശൈലിയെ പുകഴ്ത്തുകയും ആ നിലയിലേക്ക് കെഎസ്യുവും യൂത്ത് കോൺഗ്രസും ഉയരാത്തതിന് നിശിതമായി വിമർശിക്കുകയും ചെയ്തിരിക്കുന്നു.
അക്രമൗൽസുകാരായ എസ്എഫ്ഐക്കാർ ക്ഷുഭിത യൗവനങ്ങളെ കൂടെ നിർത്തി സംഘടനയെ ശക്തമാക്കുന്നു എന്നാണ് പിജെ കുര്യൻ പറയുന്നത്. എന്നാൽ ഉശിരിന് ഒട്ടും കുറവില്ലെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കുട്ടം എംഎൽഎയുടെ അതേ വേദിയിലെ കുര്യനുള്ള മറുപടി . കോൺഗ്രസിൽ 80 വയസ്സ് കഴിഞ്ഞിട്ടും കൗമാരപ്രായത്തിന്റെ ചിന്താഗതിയിൽ നിന്ന് മാറ്റം വന്നിട്ടില്ല എന്നാണ് കുര്യൻറെ പ്രസ്താവന സൂചിപ്പിക്കുന്നത്. ആ സംസ്കാരത്തോട് ചേർന്നു നിൽക്കുന്നതാണ് യുവതലമുറയുടെ സംസ്കാരവും എന്ന് ബോധ്യപ്പെടുത്തുന്നതാണ് രാഹുൽ മാങ്കൂട്ടത്തിന്റെ മറുപടിയും.
എന്നാൽ കോൺഗ്രസിന്റെ പാരമ്പര്യം പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും അറിയില്ല എന്നത് മാത്രമല്ല, രാഷ്ട്രീയം എന്നാൽ അക്രമോത്സുകതയെ പുറത്തെടുത്ത് സമാനമനസ്കരായവരെ കൂടെ നിർത്തി പ്രസ്ഥാനത്തെ വിജയിപ്പിക്കുകയാണ് എന്ന സന്ദേശവും ഇതിലൂടെ പുറത്തേക്ക് പോകുന്നു. കോൺഗ്രസിന്റെ പ്രായമായ നേതൃത്വത്തിന്റെയും യുവനേതൃത്വത്തിന്റെയും സമീപനവും രാഷ്ട്രീയ കാഴ്ചപ്പാടും ഈ വിധം ആകുമ്പോൾ ജനായത്ത സംവിധാനം ഭാവിയിൽ നേരിടാൻ പോകുന്ന ഇരുണ്ട നാളകളെയാണ് സൂചിപ്പിക്കുന്നത്. കാരണം, അക്രമോത്സുക പ്രസ്ഥാനമായി സിപിഎം അതിൻറെ എസ്എഫ്ഐ ഡിവൈഎഫ്ഐ നിരയിലൂടെ വളർത്തിക്കൊണ്ടുവരുന്നു. അതിന് മാതൃകയാക്കി കോൺഗ്രസും . ഏതാണ്ട് ഇതേ മാതൃക തന്നെയാണ് എബിവിപിയും പിന്തുടരുന്നത്. ഇതെല്ലാമാണ് ഭാവിയിലെ ജനായത്ത സംവിധാനത്തിന്റെ ദൗർബല്യത്തെ മുൻകൂട്ടി വിളിച്ചറിയിക്കുന്നത്.
