നവതേജിലൂടെ തെളിയുന്ന കേരളം
ഗുണ്ടാസംഘം നേതാക്കൾ ചിലപ്പോൾ പരസ്യമായി ശത്രുക്കളെ വെല്ലുവിളിച്ചുകൊണ്ട് ഭീഷണി മുഴക്കാറുണ്ട്.എന്നാൽ പൊതുയോഗം കൂടി പ്രസംഗരൂപേണ അങ്ങനെ അവർ ചെയ്ത് ഇതുവരെ കണ്ടിട്ടില്ല.ആ രീതിയിലുള്ള ഒരു വെല്ലുവിളിയും ഭീഷണിയുമാണ് ചൊവ്വാഴ്ച കൊയിലാണ്ടിയിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറി നവതേജ് എസ് മോഹൻ നടത്തിയത്.
കൊയിലാണ്ടി ഗുരുദേവ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പൽ എസ്എഫ്ഐ നേതാവിനെ മർദ്ദിച്ചു എന്ന് ആരോപിച്ചാണ് നവതേജ് ഈ വെല്ലുവിളി നടത്തിയത്. " പ്രിൻസിപ്പൽ ഇനി രണ്ടുകാലിൽ നടക്കണമോ എന്ന് എസ്എഫ്ഐ തീരുമാനിക്കും.പറയുന്നത് ചെയ്യാനുള്ള കഴിവ് സംഘടനയ്ക്കുണ്ട് " നവതേജ് ആവർത്തിച്ച് പ്രഖ്യാപിച്ചു.
ഒരു വിദ്യാർത്ഥി നേതാവ് ഈ രീതിയിൽ ഭീഷണി ഉയർത്തിയത് വർത്തമാനകേരളത്തിൻ്റെ ഒട്ടേറെ അവസ്ഥകൾ പറയുന്നുണ്ട്. വർത്തമാന കേരളത്തിൻറെ ഒരു ഇരയായി വേണം നവതേജിനെ കാണേണ്ടത്. നിലവിലെ സാമൂഹിക അന്തരീക്ഷം, ഭരണത്തിൽ ഇരിക്കുന്ന തൻറെ പാർട്ടിയുടെ സ്വഭാവം, എസ്എഫ്ഐ തുടർന്നുവന്ന പാരമ്പര്യം, ഇത്തരം അന്തരീക്ഷത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിയുടെ സാംസ്കാരിക നിലവാരം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ഈ യുവ നേതാവിന്റെ ഭീഷണിക്ക് പിന്നിലുണ്ട്.