Skip to main content

കണ്ണു തുറന്നു നോക്കുക: വഴി ഇവിടെ തീരുന്നു @@@ കോൺഗ്രസിന് ഇന്ത്യാ മുന്നണി ബാധ്യതയോ?

Santhosh M Thomas
Santhosh M Thomas
Santhosh M Thomas

കോൺഗ്രസിന് ദേശീയതലത്തിൽ ഒരു തിരിച്ചുവരവിനു സാധ്യതയുണ്ടോ?. ഇപ്പോഴത്തെ സ്ഥിതിവച്ചു നോക്കിയാൽ അതിനുള്ള സാധ്യത വിരളമാണ്.  കേന്ദ്രം മാത്രമല്ല,  ഇപ്പോൾ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. സംസ്ഥാനങ്ങളിൽ രണ്ടും മൂന്നും ദശകങ്ങളായി ഭരണത്തിലില്ലാത്ത കോൺഗ്രസിന് ഇത്ര കരുത്തേറിയ ബിജെപിയുമായുള്ള പോരാട്ടം, യഥാർത്ഥത്തിൽ ജയിക്കാനാവാത്ത പോരാട്ടം തന്നെയാണ്. കോൺഗ്രസിന്റെ ആദർശങ്ങൾക്കു വിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളുള്ള പാർട്ടികൾ ഉൾപ്പെട്ട ഇന്ത്യാ മുന്നണിയെന്ന സഖ്യം കോൺഗ്രസിനെ പിന്നോട്ടുവലിക്കുന്ന ഘടകമാണ്. ജന്മനാ കോൺഗ്രസ് വിരുദ്ധരും പ്രാദേശിക താൽപര്യങ്ങൾ മാത്രമുള്ളവരുമായ കക്ഷികളോടൊപ്പം കൂടിയത് കോൺഗ്രസിന്റെ അടിത്തറ മാന്തുകയാണ്.  
ഇതെല്ലാം മറികടക്കണമെങ്കിൽ പാർട്ടിക്ക് വീറുറ്റ, സജീവമായ നേതൃത്വവും നിലപാടുകളും തന്ത്രങ്ങളും ഉണ്ടാകണം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പലവിധത്തിൽ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയവുമായി രൂപമെടുത്ത പ്രാദേശിക പാർട്ടികളുടെ തോളിലിരുന്നാണെന്നു മാത്രം. എല്ലാവിധ തന്ത്രങ്ങളും മെനഞ്ഞ് വളരെ ആസൂത്രിതമായി മുന്നേറുന്ന ബിജെപിയെ തളയ്ക്കാൻ അതു മതിയാവില്ലെന്ന സത്യം കാണാൻ ഓരോ സംസ്ഥാനത്തെയും കോൺഗ്രസിന്റെ സ്ഥിതി നോക്കിയാൽ മതി.
നാലഞ്ചു മാസത്തിനകം തെരഞ്ഞെടുപ്പു നടക്കാൻ പോകുന്ന ബീഹാറിലെ കാര്യം നോക്കാം. ഇതുവരെ നടന്ന എല്ലാ അഭിപ്രായ വോട്ടെടുപ്പുകളും എൻഡിഎ വളരെ മുന്നിലാണെന്നാണ് പറയുന്നത്. രണ്ടു മുന്നണികളുടേയും അടിത്തറയും കൂട്ടുകെട്ടുകളും മാത്രം നോക്കിയാൽ മതി, കോൺഗ്രസിന്റെ സാധ്യതയറിയാൻ. തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദളും കോൺഗ്രസും ഇടതുപാർട്ടികളുമെല്ലാം ചേർന്നുള്ള മുന്നണിക്ക് യാദവ (15 ശതമാനം) മുസ്ലിം (18 ശതമാനം) സമുദായങ്ങൾ മാത്രമാണ് മുഖ്യമായ പിൻബലം. അതേസമയം, 64 ശതമാനം വരുന്ന പിന്നാക്ക, അതിപിന്നാക്ക വിഭാഗങ്ങളാണ് നിതീഷ്കുമാറിന്റെ ജനതാദൾ യുണൈറ്റഡും ബിജെപിയും ചേർന്നുള്ള മുന്നണിയുടെ അടിത്തറ. 
കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ചിട്ട് 19 സീറ്റിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. കോൺഗ്രസിനുണ്ടായ ഈ തോൽവി കാരണമാണ്  തേജസ്വിക്ക് അന്ന് അധികാരത്തിലെത്താൻ കഴിയാതെ പോയത്. ഇതുവരെയുള്ള സൂചനയനുസരിച്ച് കോൺഗ്രസിനു 54 സീറ്റേ തേജസ്വി ഇത്തവണ നൽകുകയുള്ളു. അതായത് കോൺഗ്രസിന്റെ സാന്നിധ്യം വീണ്ടും കുറയുമെന്ന് അർത്ഥം. 
30 വർഷത്തോളമായി ഗുജറാത്തിൽ കോൺഗ്രസ് ഭരണത്തിനു പുറത്തായിട്ട്. അഹമ്മദാബാദിൽ നടത്തിയ എഐസിസി സമ്മേളനത്തിനുശേഷം രാഹുൽ ഗാന്ധിയുടെ ആഗ്രഹപ്രകാരം ഗുജറാത്തിൽ നിന്നാണ് പാർട്ടിയുടെ ഉടച്ചുവാർക്കൽ തുടങ്ങിയത്. അതു കഴിഞ്ഞു നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിൽ രണ്ടിലും തോറ്റുവെന്നു മാത്രമല്ല, വോട്ടുവിഹിതവും കുറഞ്ഞു. ഒരിടത്ത് കിട്ടിയത് വെറും 5501 വോട്ടും. ഫലം വന്നയുടനെ പിസിസി പ്രസിഡന്റ് രാജിവച്ചുപോയി. ഇലക്ഷനു രണ്ടു ദിവസം മുമ്പാണ് പുതിയ 40 ഡിസിസി പ്രസിഡന്റുമാരുടെ നിയമനം നടന്നത്. പിസിസി നേതാക്കളെ മറികടന്ന് എഐസിസി നേരിട്ടു നടത്തുന്ന ഡിസിസി പ്രസിഡന്റുമാരുടെ നിയമനം പാർട്ടിയിൽ എന്തുമാത്രം യോജിപ്പുണ്ടാക്കുമെന്നു കണ്ടറിയണം. 
അടുത്ത വർഷം ഇലക്ഷൻ നടക്കാനിരിക്കുന്ന ബംഗാൾ നോക്കുക. അവിടെ കോൺഗ്രസ് ചിത്രത്തിലേയില്ല. ഇന്ത്യാ മുന്നണിയിൽ തന്നെയുള്ള തൃണമൂൽ കോൺഗ്രസ് ഇവിടെ കടുത്ത ശത്രുവാണ്. മമതയുടെ പിണക്കം അകറ്റാൻ, പിസിസി പ്രസിഡന്റായിരുന്ന അധീർ രഞ്ജൻ ചൌധരിയെ മാറ്റിനിർത്തി. ശക്തനായ ഒരു നേതാവിനെ ഒതുക്കിയെന്നതല്ലാതെ അതുകൊണ്ട് പാർട്ടിക്ക് ഒരു ഗുണവുമുണ്ടായില്ല. ഇവിടെയും പാർട്ടിയെ ശക്തിപ്പെടുത്താനായി, തനിച്ചു മത്സരിക്കാനുള്ള ആലോചനയുണ്ട്. ഡൽഹിയിലേതു പോലെ ബിജെപിയുടെ സാധ്യത മെച്ചപ്പെടുത്താമെന്നല്ലാതെ അതുകൊണ്ടുമാത്രം പിടിച്ചുകയറാൻ കഴിയുമെന്നു തോന്നുന്നില്ല. 
അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. കേരളത്തിൽ പത്തുവർഷം അധികാരത്തിനു പുറത്തിരുന്ന പാർട്ടിക്ക് ഭരണവിരുദ്ധ തരംഗത്തിൽ അനായാസം ജയിക്കാമെന്ന പ്രതീക്ഷയാണുള്ളത്. നിലമ്പൂർ വിജയം ആണ് അതിന്റെ സൂചനയായി ചൂണ്ടിക്കാണിക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ മണ്ഡലമായതിനാൽ തോൽവി ഒഴിവാക്കാൻ കോൺഗ്രസും ലീഗും കിണഞ്ഞുപരിശ്രമിച്ചതിന്റെ ഫലമാണവിടെ കണ്ടത്. ഈ യോജിപ്പ് 2026ൽ ഉണ്ടാവണമെന്ന് ഒരു നിർബന്ധവുമില്ല. ഇപ്പോഴത്തെ എംപിമാരിൽ പകുതിയിലധികവും കേരള രാഷ്ട്രീയത്തിലേക്കു തിരിച്ചുവരാൻ നോക്കിയിരിക്കുന്നവരാണ്. അവരും നാട്ടിലെ നൂറായിരം സ്ഥാനാർത്ഥിമോഹികളുമെല്ലാം കൂടിയാവുമ്പോൾ തമ്മിലടി ഉറപ്പ്. അതിനാൽ ഒടുവിലെന്തുണ്ടാകുമെന്ന് കണ്ടറിയണം.
തമിഴ്നാട്ടിൽ, ഡിഎംകെ മുന്നണിയിലെ ചെറുകക്ഷിയായി കോൺഗ്രസ് തുടരുന്നു. പാർട്ടിക്ക് ഇവിടെ ഇനിയൊരു വളർച്ചയ്ക്ക് സാധ്യതയില്ല. ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെയുണ്ടായ തദ്ദേശ തെരഞ്ഞെടുപ്പുകളിലും പാർട്ടി തോറ്റു. അവിടെ വിഭാഗീയത ഇതുവരെ അവസാനിച്ചിട്ടില്ല. ഒരു വർഷം കഴിഞ്ഞിട്ടും പ്രതിപക്ഷനേതാവിനേപ്പോലും നിശ്ചയിക്കാൻ പാർട്ടിക്കു കഴിഞ്ഞില്ല. 
ഉത്തർപ്രദേശിലും അടുത്ത വർഷം തെരഞ്ഞെടുപ്പുണ്ട്. സമാജ് വാദി പാർട്ടിയുടെ തോളിലാണ് കോൺഗ്രസ് ഇവിടെ നിലനിൽക്കുന്നത്. സഖ്യമായി മത്സരിക്കുമെന്ന രാഹുൽഗാന്ധിയുടെ പ്രഖ്യാപനം വന്നതോടെ, തനിച്ചുമത്സരിക്കാൻ ആവേശം പൂണ്ടിരുന്ന അണികൾ നിരാശരായി. സമാജ് വാദി പാർട്ടി കോൺഗ്രസിന് എത്ര സീറ്റ് നൽകുമെന്ന് കണ്ടറിയണം. കശ്മീരിലും കോൺഗ്രസിനു ശക്തി വീണ്ടെടുക്കാനായിട്ടില്ല.   
ഡൽഹിയിൽ തെരഞ്ഞെടുപ്പിനു ശേഷം പാർട്ടി ഉറക്കത്തിലാണ്. തുടർച്ചയായി മൂന്നാം തവണയും സീറ്റ് ഒന്നും കിട്ടിയില്ലെങ്കിലും പാർട്ടിക്കു ശക്തി പ്രകടിപ്പിക്കാൻ കഴിഞ്ഞു. സ്വന്തം ബലത്തിൽ ഭരിക്കുന്ന കർണാടകത്തിൽ തലപ്പത്തെ ചേരിപ്പോരും അഴിമതി ആരോപണങ്ങളും പാർട്ടിയെ നാശത്തിലേക്കു കൊണ്ടെത്തിച്ചില്ലെങ്കിൽ അത്ഭുതപ്പെടേണ്ട. 
മഹാരാഷ്ട്രയിലെ സഖ്യം തന്നെ കോൺഗ്രസിനു തലവേദനയായി നിൽക്കുന്നു. സഖ്യകക്ഷികൾക്കു പല നിലപാടുകളാണെന്നതിനാൽ, പാർട്ടി വലിയ പ്രതിസന്ധിയിലാണ്. താക്കറേയുടെ ഹിന്ദിവിരുദ്ധ നിലപാട് കോൺഗ്രസിന് ഉത്തരേന്ത്യയിൽ ദോഷം ചെയ്യും. അതുപോലെ തന്നെയാണ് തമിഴ്നാട്ടിലെ സഖ്യകക്ഷിയായ സ്റ്റാലിന്റെ ഹിന്ദി വിരുദ്ധ നിലപാടും. ശിവസേനക്കാർ വി ഡി സവർക്കറുടെ ആരാധകരാണെങ്കിൽ കോൺഗ്രസ് തിരിച്ചുമാണ്. പുതുതായി കൂട്ടുകൂടാനെത്തിയ രാജ് താക്കറേയാണെങ്കിൽ കടുത്ത മുസ്ലിം വിരുദ്ധനാണ്. 
ആദ്യകാല കോൺഗ്രസിന്റെ നിഴൽ മാത്രമാണ് ഇന്നുള്ള കോൺഗ്രസ്. കോൺഗ്രസിൽ പലപ്പോഴും നേതൃത്വമില്ലായ്മ പ്രകടമാവുന്നുണ്ട്. മല്ലികാർജുൻ ഖാർഗേ ആലങ്കാരിക തലവൻ മാത്രമായി നിൽക്കുന്നു. ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന തന്നെ, തലപ്പത്ത് താനില്ല എന്ന തോന്നലാണുണ്ടാക്കുന്നത്. സോണിയയേയോ പ്രിയങ്കയേയോ കാര്യമായി പുറത്തു കാണാനില്ല. രാഹുലാണെങ്കിൽ ഓളമുണ്ടാക്കിയ ശേഷം പെട്ടെന്ന് അപ്രത്യക്ഷനാകുന്നു. പാർട്ടിയിൽ ബിജെപിക്കാരുണ്ടെന്നും പല നേതാക്കളും മുടന്തൻ കുതിരകളാണെന്നും മറ്റും പറഞ്ഞ് സ്വന്തം ടീമിനെ ആക്ഷേപിക്കുന്ന രാഹുൽ ഗാന്ധിയെ നല്ലൊരു ക്യാപ്റ്റനെന്നു വിളിക്കാമോ? 
ജനങ്ങൾക്കു സ്വീകാര്യമായ ബദലുകൾ, നേതാക്കളായാലും പരിപാടികളായാലും നയങ്ങളായാലും, കണ്ടെത്തി അവതരിപ്പിക്കുകയും അടിത്തട്ടു മുതൽ മേൽത്തട്ടുവരെ ഉറപ്പുള്ള സംഘടനാസംവിധാനം രൂപപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ, ഈ റോഡ് ഇവിടെ അവസാനിക്കുമെന്ന് പറയേണ്ടിവരും.