എം.ടി.യുടെ ' പൊള്ളിക്ക 'ലിൽ തെളിഞ്ഞത് തന്റെ നായകരുടെ ദൗർബല്യം
എന്നും വൈയക്തിക വേദനയുടെ തടവറയിൽ കഴിയുന്നവരാണ് എം.ടി.യുടെ നായകർ. സേതുവായാലും ഭീമനായാലും. വേദനയുടെ ഭൂതകാലം. അതിനെ വിടാതെ കൊണ്ടുനടക്കുക. വേദനിപ്പിച്ചവരെ പൊള്ളിക്കാനുള്ള ത്വര അഥവാ പ്രതികാര ദാഹം. വിദഗ്ദനായ ചലച്ചിത്ര തിരക്കഥാകൃത്തുമായ എം.ടി.വാസുദേവൻ നായർ ടൈമിംഗ് എന്ന മർമ്മം മനസ്സിലാക്കി മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പൊള്ളിച്ചു. പ്രതികാരദാഹത്തിലായിരുന്ന നല്ലൊരു ശതമാനം മലയാളിക്ക് കിട്ടിയ ഐസ്ക്രീം. പ്രതിപക്ഷ നേതാവ് സന്തോഷം പ്രകടിപ്പിച്ച് പറഞ്ഞതു പോലെ അത്രയ്ക്ക് മൂർഛയായിരുന്നു എം.ടി. യുടെ പൊള്ളിക്കലിന്. പൊള്ളലിന് പെട്ടന്നുള്ള പ്രതിവിധിയായി ചിലർ ടൂത്ത്പേസ്റ്റ് പൊത്താറുണ്ട്. അതുപോലെ,മോദിയെ ഉദ്ദേശിച്ചായിരിക്കും എം.ടി. പറഞ്ഞതെന്ന് പ്രതികരിച്ച് ഇടതുപക്ഷ മുന്നണി കൺവീനർ ഇ.പി.ജയരാജൻ ' ടൂത്ത് പേസ്റ്റ് പൊത്തി '. പിറ്റേ ദിവസം സി.പി.എം സംസ്ഥാനക്കമ്മറ്റി പൊള്ളലിന് വിദഗ്ധ ചികിത്സയും നൽകി. സിനിമയിൽ അഴിമതിക്കാരനായ പോലീസ് മേധാവിയുടെ കരണത്തടിക്കുന്ന സുരേഷ് ഗോപിയുടെ പോലീസ് നായക കഥാപാത്രത്തിന്റെ നടപടി കണ്ട് സുഖിക്കും പോലെ എം.ടിയുടെ പൊള്ളിക്കലിൽ മലയാളി സുഖിച്ചർമ്മാദിച്ചു. ഒരു തരം രതിസുഖം പോലെ. എം .ടി. ഹീറോ. മറ്റുള്ളവർ പൊള്ളുന്നത് കണ്ട് ആസ്വദിക്കുന്ന രോഗസമാനമായ സ്വഭാവത്തിന് ആംഗലേയത്തിൽ Voyeurism എന്നു പറയും. ഈ രോഗം മലയാളിയിൽ മൂർഛിക്കുന്നതിന് മാത്രമേ എം.ടി.യുടെ പൊള്ളിക്കൽ ഉതകിയിട്ടുള്ളു. ജനായത്ത വിരുദ്ധമായ സർക്കാരിന്റെ നടപടികളിൽ നിന്ന് ശ്രദ്ധയകന്ന് എം.ടി. ആരെയാണ് പൊള്ളിച്ചതെന്നതിലേക്ക് മലയാളിയുടെ ശ്രദ്ധ തിരിഞ്ഞു. ഇതിനേക്കാൾ വലിയ പൊള്ളൽ മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിൽ നിന്നേൽക്കാനുമില്ല. അതുകൊണ്ട് മുൻപേത്തതിലും വർധിത വീര്യത്തോടെ മുഖ്യമന്ത്രിക്കും സർക്കാരിനും ഇടംവലം നോക്കാതെ പോകാനുള്ള സാഹചര്യവും സംജാതമായി. അല്ലെങ്കിൽ ആലോചിച്ചു നോക്കാവുന്നതാണ്, ഈ പൊള്ളിക്കൽ കൊണ്ട് എന്ത് നേട്ടമുണ്ടായി ? എം.ടി യുടെ സാഹിത്യ കുലപതിപരിവേഷം ഒന്നുകൂടി വർധിച്ച തൊഴിച്ചാൽ .