Skip to main content
Anna Sebastian Perayil

അന്നയുടെ മരണവും അനിതയുടെ കത്തും

കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യൻ പേരയിൽ എന്ന ഇരുപത്തിയാറുകാരിയുടെ മരണവും അവളുടെ അമ്മ അനിതയുടെ കത്തും ലോക ശ്രദ്ധയിലേക്കുയരുന്നു. ഒരേ സമയം സർക്കാരുകളും അതേ സമയം യുവതീയുവാക്കളുടെയും കണ്ണു തുറപ്പിക്കാനുതകുന്നു ഈ മരണവും ഈ കത്തും.
       ഇ വൈ ( ഏണസ്റ്റ് ആൻഡ് ) കമ്പനിയിലെ ജീവനക്കാരിയായിരുന്നു അന്ന. നാലു മാസം മുൻപാണ് അന്ന സ്തുത്യാർഹമായ നിലയിൽ സി.എ. പാസ്സായതിനു ശേഷം ഇ വൈയിൽ ജോലിക്ക് പ്രവേശിച്ചത്. ആ നാലു മാസത്തെ ഇ.വൈ ജീവിതമാണ് തൻ്റെ മകൾ ഹൃദയാഘാതത്തെത്തുടർന്ന് 26-)o വയസ്സിൽ മരിക്കാൻ കാരണമായതെന്ന് വിശദമാക്കുന്നതാണ് അന്നയുടെ അമ്മ അനിതാ സെബാസ്റ്റ്യൻ്റെ കത്ത്. ഇ വൈ യുടെ ഇന്ത്യാ മേധാവി രാജീവ് മേമാനിക്കാണ് അനിത ഈ കത്തെഴുതിയത്.
     കത്ത് ഇങ്ങനെ പോകുന്നു... " അന്ന ജോലിയിൽ പ്രവേശിച്ച അന്നുമുതൽ അവളുടെ മാനേജർ അവളെ അമിത ജോലി കൊണ്ട് മൂടി.ഓഫീസ് സമയം കഴിഞ്ഞു വളരെ വൈകിയാണ് അന്ന താമസസ്ഥലത്തേക്ക് എത്തിക്കൊണ്ടിരുന്നത്. പലപ്പോഴും വേഷം മാറാതെ തന്നെ കിടക്കയിലേക്ക് വീഴുന്ന അവസ്ഥയായിരുന്നു.സമയത്ത് അവൾക്ക് ഭക്ഷണം കഴിക്കാൻ കഴിഞ്ഞിരുന്നില്ല.പലപ്പോഴും രാത്രി മാത്രമായിരുന്നു ഭക്ഷണം .പഠനത്തിൽ മിടുക്കിയായിരുന്ന അവൾ എല്ലാ ക്ലാസുകളിലും ടോപ്പ് ആയിരുന്നു.അവളുടെ വലിയ ആഗ്രഹമായിരുന്നു അവളുടെ ചെലവിൽ ഞങ്ങൾ അവളുടെ കോൺവെക്കേഷന് എത്തുക എന്നത് .ഞാനും ഭർത്താവും അവളുടെ എടുത്തു തന്ന ടിക്കറ്റിൽ പൂനയിൽ എത്തി. വൈകുന്നേരം ആയിരുന്നു കോൺവെക്കേഷൻ.എന്നാൽ ഞങ്ങൾ എത്തിയെങ്കിലും അവൾക്ക് ഞങ്ങളോടൊപ്പം ചെലവഴിക്കാനായില്ല.കോൺവെക്കേഷന് തന്നെ വൈകിയാണ് എത്തിയത്.അതുവരെ അവൾ ജോലിയിലായിരുന്നു. വിശ്രമമില്ലാതെ അമിത സമ്മർദ്ദത്തിൽ പണി ചെയ്തതും സമയത്ത് ഭക്ഷണം കഴിക്കാതിരുന്നതുമൊക്കെയാണ് ഹൃദ്രോഗത്തിന് കാരണമാക്കിയതെന്ന് അവളെ ചികിത്സിച്ച ഡോക്ടർ പറയുകയുണ്ടായി  ". 
        "  ചില അവസരങ്ങളിൽ രാത്രി വൈകി വീട്ടിൽ എത്തുയതിനു ശേഷവും പിറ്റേന്ന് രാവിലെ സമർപ്പിക്കാനുള്ള ജോലി ഏൽപ്പിക്കുക പതിവായിരുന്നു.ഇതൊക്കെ കാരണം അവൾക്ക് ഉറക്കമില്ലായ്മയും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും എല്ലാം ഉണ്ടായി. " ഇതൊക്കെയാണ് നാലുമാസം കൊണ്ട് തൻറെ മകളെ മരണത്തിലേക്ക് നയിച്ചതെന്ന് വിശദീകരിക്കുന്നതാണ് അനിതയുടെ കത്ത്.
     "  എനിക്ക് തൻറെ മകളെ നഷ്ടമായി. ശവസംസ്കാരത്തിന് കമ്പനിയിൽ നിന്ന് ഒരാൾ പോലും എത്താതിരുന്നത് ശരിക്കും എന്നെ ഞെട്ടിച്ചു. ഇതെന്തൊരു സ്ഥാപനമാണ്.ദയവു ചെയ്തു നിങ്ങൾ അവിടെ ജോലി ചെയ്യുന്നവരെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുത്. അല്പം മനുഷ്യത്വം കാണിക്കണം.എൻറെ മകൾക്ക് വന്ന അവസ്ഥയും അമ്മ എന്ന നിലയിൽ എൻറെ അവസ്ഥയും അവിടെ പണി ചെയ്യുന്നവർക്ക് ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഈ കത്ത് എഴുതുന്നത്  " 
          അനിതയുടെ വികാരനിർഭരമായ ഈ കത്തിൽ ഈ വൈ കമ്പനി കുലുങ്ങി. ഈ കത്തിനെ അതിൻറെ ഗൗരവത്തോടെ കാണുന്നുവെന്നും ജീവനക്കാരുടെ ക്ഷേമത്തെ മുൻനിർത്തി സേവന രീതികളിൽ മാറ്റം വരുത്തുമെന്നും ഈ വൈ കമ്പനി അനിതയെ അറിയിച്ചു. ഇന്ത്യയിലെ കമ്പനിയിൽ ഒരു ലക്ഷം പേരാണ് പ്രവർത്തിക്കുന്നത്.
        അനിതയുടെ ഈ കത്ത് ഈ വൈ കമ്പനിക്ക് മാത്രമല്ല ബാധകം.മിക്ക കോർപ്പറേറ്റ് കമ്പനികളുടെയും കണ്ണു തുറക്കാനുള്ള അവസരമാണ് ഈ കത്ത് കളമൊരുക്കിയിരിക്കുന്നത്.