Skip to main content

kashmir floods

 

കശ്മീരിലെ പ്രളയം ഇന്ത്യാമഹാരാജ്യത്തെ ജനതയേയും നേതൃത്വത്തേയും ഒരിക്കല്‍ക്കൂടി ഓർമ്മിപ്പിക്കുന്നു, ഈ കെടുതി മനുഷ്യനിർമ്മിതമാണ്. ലക്കും ലഗാനുമില്ലാത്ത വികസനമാതൃകകളുമായി മുന്നോട്ടുനീങ്ങിയാൽ വരാനിരിക്കുന്ന ദുരന്തം താങ്ങാനാവുന്നതാവില്ല. വികസിപ്പിച്ചെടുത്ത വികസനസംവിധാനം ഉണ്ടാകില്ലെന്നു മാത്രമല്ല, നിരപരാധികളും നിർധനരുമായ സാധാരണ ജനങ്ങളായിരിക്കും ഇത്തരം കെടുതികളിൽ കൂടുതലും ഇരകളാവുക. കഴിഞ്ഞവർഷം ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിനും കെടുതികൾക്കും പിന്നാലെയാണ് കശ്മീരിലും അതാവർത്തിച്ചിരിക്കുന്നത്. ഹിമാലയത്തിനുപോലും താങ്ങാനാവാത്തതായിരിക്കുന്നു നമ്മുടെ വികസനസങ്കൽപ്പങ്ങളും അവയുടെ പ്രയോഗവും. ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ യുദ്ധവുമായി ഇറങ്ങിത്തിരിച്ചിട്ടുള്ള ജനങ്ങളും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയനേതൃത്വവും ഈ ഹിമാലയപാഠത്തെ ഉൾക്കൊള്ളേണ്ടത് അനിവാര്യമാണ്.

 

നൂറ്റൊമ്പതു വർഷത്തിനുള്ളിൽ ആദ്യമായാണ് ഇത്രയും വിനാശകരമായ പ്രളയം കശ്മീർ താഴ്വരയിൽ അനുഭവപ്പെടുന്നത്. താഴ്വര വെള്ളത്തിൽ മുങ്ങിയപ്പോൾ പൊങ്ങിക്കാണുന്ന ചിത്രങ്ങൾ അനവധിയാണ്. അവിടുത്തെ സംസ്ഥാനസർക്കാരിന് പ്രായോഗികമായി ഒന്നും തന്നെ ചെയ്യാനില്ല. അവർ അവിടെ വെറും കാഴ്ചക്കാർ മാത്രം. കഴിഞ്ഞ അറുപതുവർഷത്തിലേറെയായി ഏറ്റവുമധികം സൈന്യസാന്നിദ്ധ്യമുള്ള പ്രദേശങ്ങളിലൊന്നാണ് കശ്മീർ. പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്ന ജനങ്ങൾ ഒഴിപ്പിക്കപ്പെടുന്നതിനു മുൻപ് തന്നെ കശ്മീർ പ്രളയം ഉത്തരാഖണ്ഡ് പ്രളയത്തിൽ നിന്നും വ്യത്യസ്തമായി രാഷ്ട്രീയവത്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് അവിടുത്തെ രക്ഷാപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്നുള്ളതാണ് അതിൽ പ്രധാനം. കശ്മീരിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പും കശ്മീരിനു വേണ്ടി മോദി കരുതിവച്ചിരിക്കുന്ന വികസനപരിഹാരപദ്ധതിയുമൊക്കെയും കൂടിയുണ്ടാവും പ്രധാനമന്ത്രി ഇത്രയും ജാഗ്രതയോടെ കശ്മീർ പ്രളയത്തെ കാണുന്നതിനു പിന്നിൽ. ഏതു അവസരത്തേയും പരമാവധി പ്രയോജനപ്പെടുത്തുക എന്നത് നരേന്ദ്ര മോദിയുടെ ശൈലിയാണ്. ആ ശൈലിയുടെ പ്രയോഗഫലത്താലാണ് അദ്ദേഹം ഇന്ന് പ്രധാനമന്ത്രിക്കസേരയിലിരിക്കുന്നത്. ആ നിലയ്ക്ക് മോദിയെ സംബന്ധിച്ചിടത്തോളം പ്രളയത്താൽ കഴുകി വൃത്തിയാക്കിയ താഴ്വരയായിരിക്കും  തനിക്ക് ഉദ്ദിഷ്ട വികസനപരിഹാരക്രിയയ്ക്ക് ലഭ്യമാവുക.

kashmir floods rescue

 

പ്രളയം എല്ലാ മാളങ്ങളിൽ നിന്നും എല്ലാവരേയും പുറത്തുചാടിച്ചതിനാൽ സൈന്യത്തിന് കശ്മീരിൽ ഒന്നുകൂടി സ്വാധീനവും അധീശത്വവും ഉറച്ചുകിട്ടിയിരിക്കുന്നു. ഇത് പുതിയ പദ്ധതികളുമായി മോദിസർക്കാരിന് കടന്നുചെല്ലാൻ അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്. ഇപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിലൂടെ ജനപ്രീതി നേടുന്നതിൽ ദേശീയ മാധ്യമങ്ങളുടെ അകമഴിഞ്ഞ സഹായത്തോടെ സൈന്യം വിജയിച്ചിട്ടുണ്ട്. പ്രളയത്തിൽ നശിച്ച കശ്മീർ താഴ്വരയെ കെട്ടിപ്പെടുക്കുന്നതിൽ എങ്ങിനേയും ഇടപെടാനുള്ള ലൈസൻസ് കേന്ദ്രത്തിനു ലഭിച്ചിരിക്കുന്നു. സ്വാഭാവികമായി ഈ സാഹചര്യത്തെ വരുന്ന തെരഞ്ഞെടുപ്പിൽ തങ്ങൾക്കനുകൂലമാക്കി അധികാരത്തിലെത്താനുള്ള ബി.ജെ.പിയുടെ ശ്രമം വിജയം കണ്ടാലും അത്ഭുതപ്പെടാനില്ല. അങ്ങനെയൊരു സാഹചര്യം വരുമ്പോഴാണ് കശ്മീരിന്റെ വികസനമാതൃക വരുംകാല വൻദുരന്തങ്ങളുടെ നാന്ദി കുറിക്കുന്നത്. കാരണം മോദിയുടെ വികസനമാതൃകകൾ തന്റെ മുൻഗാമികളിൽ നിന്ന് വലിയ വ്യത്യാസമുള്ളതല്ല. അവരിൽ നിന്നുള്ള മോദിയുടെ വ്യത്യാസമെന്നു പറയുന്നത് പദ്ധതികൾ നടപ്പിലാക്കുന്നതിലുള്ള ശുഷ്‌കാന്തിയിലും വേഗത്തിലുമാണ്. ഇതുവരെ തുടർന്നു വന്ന  അടിസ്ഥാനസൗകര്യമാതൃകളായിരിക്കും താഴ്വരയിലേക്കും കണ്ടുവച്ചിട്ടുണ്ടാവുക. താഴ്വരയിലെ തടാകങ്ങൾ പ്രളയകാലത്ത് ജലത്തെ സ്വീകരിച്ച് ഉൾക്കൊള്ളേണ്ടതാണ്. അതിനാൽ അതിനുതകും വിധം അതിന്റെ പരിസരങ്ങൾ മഴക്കാലത്ത് തടാകമാകാൻ വെറുതേ ഇടേണ്ടതാണ്. എന്നാൽ അവിടെയാണ് കൂറ്റൻ കെട്ടിടങ്ങളും തടാകതീരത്തുള്ള മാസ്മരിക ഭവനങ്ങളും നിർമ്മിക്കപ്പെട്ടത്. അതാണ് ഈ പ്രളയകാലത്ത് കെടുതികൾ കൂടുതൽ ഉണ്ടാകാൻ കാരണമായത്. എന്തിന്റെ പേരിലാണോ കശ്മീർ സുന്ദരവും സുരഭിലവുമായി കാണികളെ അവിടേക്ക് ആകർഷിക്കുന്നത്. അതിനെ കാലക്രമേണ ഇല്ലായ്മ ചെയ്യുന്ന വിധമാണ് വിനോദസഞ്ചാരവികസനത്തിന്റെ പേരിൽ കശ്മീരിനെ ബലാൽസംഗം ചെയ്തിട്ടുള്ളത്. 

 

ഹിമാലയത്തെ മനസ്സിലാക്കിയെങ്കിൽ മാത്രമേ കശ്മീരിനെ അറിയാൻ കഴിയുകയുള്ളു. ഭാരതമെന്ന ഭൂപ്രദേശത്തിനെ ഭാരതമെന്ന സംസ്കാരമായി രൂപപ്പെടുത്തിയത് ഹിമാലയമാണ്.  അതിന്റെ പ്രതീകാത്മകതയുടെ സൗന്ദര്യാത്മകവും കാവ്യാത്മകവുമായ ഓർമ്മപ്പെടുത്തലാണ് ഇങ്ങ് തെക്ക് സാഗരസംഗമത്തിൽ കയ്യിൽ വരണമാല്യവുമേന്തി പ്രണായാർദ്രയായി ഹിമവാനെ ധ്യാനിച്ച് ഒറ്റക്കാലിൽ നിൽക്കുന്ന കന്യകയെന്ന സങ്കൽപ്പം. ഈ സാഗരവും ഗംഗയുടെ വരവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഐതിഹ്യത്തിൽ ഗംഗ ഓർമ്മിപ്പിക്കുന്നു, താൻ ഭൂമിയിൽ പതിച്ചാൽ താങ്ങാൻ കഴിയില്ലെന്ന്. വെറും ചീളുകൾ അടുക്കിവച്ചതുപോലുള്ള പാറവിന്യാസമാണ് ഹിമാലയപ്രദേശങ്ങൾ മുഴുവൻ. അവയാകട്ടെ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളും. പ്രളയവും ഭൂകമ്പവും ഭൂചലനങ്ങളും ഹിമാലയം ഉള്ള കാലത്തോളം ഉണ്ടാവും. അങ്ങിനെ നുറുങ്ങിവീഴുന്ന പാറച്ചീളുകളുള്ള ഹിമാലയപ്രദേശങ്ങളിൽ ഈ യാഥാർഥ്യത്തെ ഒട്ടും ഉൾക്കൊള്ളാതെയാണ് ഒരു നിയന്ത്രണവുമില്ലാതെ ജലവൈദ്യുതപദ്ധതികൾ ഉണ്ടാക്കിയിട്ടുള്ളതും നിർമ്മിച്ചുകൊണ്ടിരിക്കുന്നതും. ഒരുപക്ഷേ ലോകത്തെത്തന്നെ ഭീമൻ ദുരന്തങ്ങളിലേക്ക് അതു വഴിവയ്ക്കുമെന്നുള്ളതിൽ സംശയം വേണ്ട. ഹിമാലയ യാത്ര നടത്തുന്നവർക്കുപോലും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്, എവിടെ എപ്പോഴാണ് മലയിടിച്ചിൽ ഉണ്ടാവുക എന്നത്. ആ ശരാശരികാഴ്ചയുടെ പൊരുൾപോലും മനസ്സിലാക്കാതെയാണ് ഈ പദ്ധതികൾ അവിടെ നടപ്പിലാക്കുന്നത്.

 

പുതിയ കശ്മീരിനു രൂപം നൽകുമ്പോൾ അത് ഭാവിയിലെ ദുരന്തങ്ങളുടെ അക്ഷരമാലയാകാതിരിക്കാൻ വികസനം സംബന്ധിച്ച സങ്കൽപ്പമാറ്റത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളു. അതിന് നമ്മുടെ മുന്നിലുള്ള വാർപ്പ് മാതൃകകളിൽ നിന്നു സമൂഹം മോചിതമായാൽ മാത്രമേ കഴിയുകയുള്ളു. കശ്മീരിനെ കശ്മീരാക്കുന്നത് അവിടുത്തെ താഴ്വരയുടേയും തടാകത്തിന്റേയും ശക്തിയോടെയുള്ള സാന്നിദ്ധ്യമാണ്. ആ ശക്തി നിലനിൽക്കുന്നതിനും ശക്തിപ്രാപിക്കുന്നതിനും സഹായകമായ രീതിയിലുണ്ടാവുന്ന വികസനമെന്താണോ അതാണ് അവിടേക്ക് യോജ്യമായ വികസനം. അതിനു അവിടുത്തെ തദ്ദേശവാസികൾക്ക് കല്ലുകടിയില്ലാതെ ആ പരിസ്ഥിതിയുമായി ഇഴുകിച്ചേർന്ന് അതവരുടെ ഉപജീവനത്തിനും രക്ഷയ്ക്കും പാത്രീഭവിക്കുമ്പോഴാണ് അവർക്കത് വികസനമെന്ന് അനുഭവപ്പെടുക. അല്ലാത്തപക്ഷം ദുബായിയിലും മറ്റും കാണപ്പെടുന്ന അതേ സംവിധാനം ഈ താഴ്വരയിലും ആവർത്തിക്കുകയാണെങ്കിൽ ആ താഴ്വര മരുഭൂമിയിലേക്കുള്ള പ്രയാണം ആരംഭിക്കുകയായി. ഇപ്പോൾ കേരളത്തിൽ നടക്കുന്നതുപോലെ.